ഇന്ധന വില കേന്ദ്രം ലക്ഷ്യമിടുന്നത് ഒന്നര ലക്ഷം കോടിയുടെ അധിക വരുമാനം; മുറിവില്‍ ഉപ്പുതേക്കുകയാണെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും ചുമത്തുന്ന നികുതി കുത്തനെ കൂട്ടി കേന്ദ്ര സര്‍ക്കാര്‍. റോഡ് സെസ്, എക്സൈസ് തീരുവ എന്നിവ കുത്തനെ ഉയര്‍ന്നതോടെ പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടുരൂപയുടെ വര്‍ധനവാണ് റോഡ് ആന്‍ഡ് ഇന്‍ഫ്രാ സെസ് ഇനത്തില്‍ മാത്രം വര്‍ധിപ്പിച്ചിട്ടുള്ളത്.

കൂടാതെ എക്സൈസ് തീരുവ പ്രെട്രോളിന് രണ്ട് രൂപയും ഡീസലിന് അഞ്ചുരൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 10 രൂപയുടെയും ഡീസലിന് 15 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിരക്ക് വര്‍ധനവ് നിലവില്‍ വന്നതോടെ ഒരു ലിറ്റര്‍ പെട്രോളിനായി പൗരന്‍ കൊടുക്കേണ്ടി വരുന്ന നികുതി 32.98 രൂപയാണ്. ഡീസലിന് ഇത് 31.83 രൂപയുമാകും. രാജ്യം ലോക്ഡൗണില്‍ ബുദ്ധിമുട്ടുന്ന വേളയിലും പുതിയ നികുതി നിരക്കിലൂടെ ഏകദേശം 1.6 ലക്ഷം കോടിയുടെ അധിക വരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആഗോള തലത്തില്‍ എണ്ണവില ഇടിഞ്ഞതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് കേന്ദ്രം ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത്. ഇതിന് മുമ്പ് മാര്‍ച്ച് 16 ന് ആയിരുന്നു വര്‍ധനവ് കൊണ്ടുവന്നത്.

കോവിഡ് പ്രതിസന്ധിയിലാവുകയും ക്രൂഡോയിലിന് ആവശ്യകത കുറഞ്ഞതോടെ ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞെങ്കിലും പെട്രോള്‍, ഡിസല്‍ എന്നിവയുടെ നിലവിലെ വിലയില്‍ മാറ്റമില്ലാത്ത അവസ്ഥയാണ് ഇന്ത്യയില്‍.

അതേസമയം, ഒരു മഹാമാരിയുടെ നടുവില്‍ ഇന്ധന വിലയില്‍ വര്‍ദ്ധനവ് വരുത്തിയ കേ്ന്ദ്ര നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മെയ് നാലിന് ശേഷം പെട്രോളിന്റെ വില ലിറ്ററിന് 69.6 ല്‍ നിന്നും 71.3 രൂപയായും ഡീസലിന് വില ലിറ്ററിന് 62.3 ല്‍ നിന്നും 69.4 രൂപയായും വര്‍ദ്ധിച്ചതായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. ഒരു മഹാമാരിയുടെ നടുവില്‍ എടുത്ത
വിവേകശൂന്യവും ജനവിരുദ്ധവുമായ തീരുമാനിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുറിവില്‍ ഉപ്പുതേക്കുകയെന്നാണ് ഇതിനെ വിളിക്കുകയെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

സമ്പദ്വ്യവസ്ഥ കുതിച്ചുയരുമ്പോള്‍ മാത്രമാണ് പുതിയതോ ഉയര്‍ന്നതോ ആയ നികുതികള്‍ ന്യായീകരിക്കപ്പെടുന്നത്. ഈ നികുതി ഭാരം യഥാര്‍ത്ഥത്തില്‍ മധ്യവര്‍ഗത്തിനും ദരിദ്രര്‍ക്കും മേല്‍ ദുരിതത്തിന് നികുതി ചുമത്തുകയാണെന്ന് മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരം കുറ്റപ്പെടുത്തി.