ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ നേരിടാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജില്‍ പുറത്തേക്കു പോകുന്ന പണത്തിന്റെ അളവ് കുറവെന്ന് സൂചന. ജി.ഡി.പിയുടെ പത്തു ശതമാനമാണ് പ്രഖ്യാപിക്കപ്പെട്ടത് എങ്കിലും അഞ്ചു ശതമാനത്തില്‍ താഴെ മാത്രം പണമേ ജനങ്ങളുടെ കൈകളിലെത്തൂ എന്നാണ് ധനമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട 20 ലക്ഷം കോടിയുടെ വലിയൊരു ഭാഗം, ഏകദേശം 8.04 ലക്ഷം കോടി രൂപ വിവിധ മാനദണ്ഡങ്ങളിലൂടെ റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കിങ് സംവിധാനത്തില്‍ എത്തിച്ചിട്ടുണ്ട്. പണലഭ്യത (ലിക്വിഡിറ്റി) ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആയിരുന്നു കേന്ദ്രബാങ്കിന്റെ നടപടി.
ഇതിനൊപ്പം മാര്‍ച്ച് 27ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതു കൂടി പരിഗണിക്കുമ്പോള്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട പാക്കേജില്‍ ഇനി ബാക്കിയുള്ളത് 10.26 ലക്ഷം കോടിയാണ്. ഇന്ന് വൈകിട്ട് നാലു മണിക്കാണ് ധനമന്ത്രി ഇതിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്നത്.
4.2 ലക്ഷം കോടിക്കപ്പുറത്ത് പോകില്ല
പാക്കേജിലെ ധനച്ചെലവ് (ഫിസ്‌കല്‍ ഔട്ട്‌ഗോ) ഈ വര്‍ഷം 4.2 ലക്ഷം കോടിക്കപ്പുറത്തേക്ക് പോകില്ലെന്നാണ് ധനമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രണ്ടു മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് കടമെടുക്കല്‍ പരിധി ഉയര്‍ത്തിയത് ഇതിന്റെ സൂചനയായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മെയ് ഒമ്പതിനാണ് വിപണിയില്‍ നിന്നുള്ള കടമെടുക്കല്‍ പരിധി 7.8 ലക്ഷം കോടിയില്‍ നിന്ന് 12 ലക്ഷം കോടിയായി സര്‍ക്കാര്‍ ഉയര്‍ത്തിയത്. കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് ഇത് ഉയര്‍ത്തേണ്ടി വന്നത് എന്ന് ബോറോയിങ് കലണ്ടറിനെ കുറിച്ചുള്ള ആര്‍.ബി.ഐ പ്രസ്താവനയില്‍ പറയുന്നുണ്ട്.
മറ്റൊരര്‍ത്ഥത്തില്‍ ദരിദ്രര്‍, കുടിയേറ്റ തൊഴിലാളികള്‍, സമൂഹത്തിലെ താഴേത്തട്ടില്‍ ജീവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കായി ചെലവഴിക്കാനുള്ള പണം 4.2 ലക്ഷം കോടിയില്‍ ഒതുങ്ങും. എന്നാല്‍ അമ്പത് ദിവസത്തെ ലോക്ക്ഡൗണില്‍ അടച്ചിട്ടപ്പെട്ട സമ്പദ് വ്യവസ്ഥയെ പരിഗണിക്കുമ്പോള്‍ ഇത് ആശ്വാസകരമായ പാക്കേജാണ് എന്ന് വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക ആഗോള ധനകാര്യ ഗവേഷണ സ്ഥാപനങ്ങളും ഈ വര്‍ഷത്തെ രാജ്യത്തിന്റെ സമ്പദ് വളര്‍ച്ച ഒരു ശതമാനത്തില്‍ താഴെ ആയിരിക്കും എന്നാണ് പ്രവചിച്ചിട്ടുള്ളത്.

ബാക്കി വരുന്ന തുക ബാങ്കുകള്‍ക്ക് വായ്പ നല്‍കാനും ചെറുകിട-ഇടത്തരം തൊഴില്‍ മേഖലയെ പുനരുജ്ജീവിപ്പിക്കാനുമാകും നല്‍കുക. ചെറുകിട-ഇടത്തരം മേഖലയ്ക്ക് ഒരു ലക്ഷം കോടിയുടെ പാക്കേജ് വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കിയിരുന്നു.
ജപ്പാന്‍ ഒന്നാമത്, തൊട്ടുപിറകെ യു.എസ്
ആഗോളതലത്തില്‍ കോവിഡിനെ നേരിടാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച പാക്കേജ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പാക്കേജുകളില്‍ ഒന്നാണ്. ജപ്പാനാണ് ഇക്കാര്യത്തില്‍ മുന്നില്‍. ജി.ഡി.പിയുടെ 21.1 ശതമാനമാണ് ജപ്പാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. യു.എസ് പ്രഖ്യാപിച്ചത് 13 ശതമാനം. ജി.ഡി.പിയുടെ 12 ശതമാനം തുക ചെലവഴിക്കുമെന്ന് സ്വീഡന്‍ പ്രഖ്യാപിച്ചപ്പോള്‍ ജര്‍മനി നീക്കി വയ്ക്കുന്നത് 10.7 ശതമാനം തുകയാണ്. തൊട്ടുപിന്നിലാണ് ഇന്ത്യ.
9.3 ശതമാനം പ്രഖ്യാപിച്ച ഫ്രാന്‍സും 7.3 ശതമാനം പ്രഖ്യാപിച്ച സ്‌പെയിനും തൊട്ടടുത്തുണ്ട്. ഇറ്റലി 5.7 ഉം യു.കെ 5.7 ഉം ശതമാനമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈന ജി.ഡി.പിയുടെ 3.8 ശതമാനമാണ് പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയ 2.2 ശതമാനവും.
മുന്നറിയിപ്പുമായി പ്രതിപക്ഷം
വൈകിയെങ്കിലും സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചല്ലോ എന്നാണ് കോണ്‍ഗ്രസ് മോദിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. എന്നാല്‍ നൂറു ദിവസത്തനുള്ളില്‍ കള്ളപ്പണം തിരിച്ചു പടിക്കും, ഗംഗയെ ശുദ്ധീകരിക്കും എന്നു പറഞ്ഞ പോലുള്ള വാഗ്ദാനമാകരുത് ഇതെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കുന്നു.
കോവിഡില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കു വേണ്ടിയാണ് കോണ്‍ഗ്രസ് ശക്തമായി ഇടപെട്ടിരുന്നത്. തൊഴിലാളികള്‍ക്ക് നാട്ടിലേക്കുള്ള യാത്രയുടെ ട്രയിന്‍ ടിക്കറ്റ് പാര്‍ട്ടി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി പ്രഖ്യാപിച്ചത് സര്‍ക്കാറിനെ വെട്ടിലാക്കിയിരുന്നു.