മിലാന്: കോവിഡ് ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച ഇറ്റലി സാധാരണ ജീവിതത്തിലേക്ക് തിരികെ വരുന്നു. കോവിഡ് പോസിറ്റീവ് കേസുകളും മരണങ്ങളും ക്രമേണ കുറഞ്ഞതോടെ രാജ്യത്ത് ദൈനംദിന വ്യാപാരം സജീവമായി. ബാറുകള്‍, റസ്റ്ററന്റുകള്‍, കടകള്‍, സലൂണുകള്‍, മ്യൂസിയങ്ങള്‍, ലൈബ്രറികള്‍, ചര്‍ച്ചുകള്‍ എന്നിവ ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച വീണ്ടും തുറന്നു.
24 മണിക്കൂറിനിടെ 99 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് തുടക്കത്തിന് ശേഷം ഇത്രയും കുറവ് മരണങ്ങള് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. 451 പുതിയ കോവിഡ് കേസുകളും തിങ്കളാഴ്ചയുണ്ടായി.
അതിനിടെ, സാമൂഹിക അകല മാനദണ്ഡങ്ങളും ഫേസ്മാസ്ക് ഉപയോഗവും ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി ഗിസെപ്പോ കോന്റെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇന്ന രാജ്യം വീണ്ടും ചലിച്ചു തുടങ്ങുകയാണ് എന്നും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ലോക്ക്ഡൗണ്‍ മൂലം തകര്‍ന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയെന്ന വെല്ലുവിളിയാണ് ഇപ്പോള്‍ സര്‍ക്കാറിന് മുമ്പിലുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോള്‍ ഇറ്റലി നേരിട്ടു കൊണ്ടിരിക്കുന്നത് എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ഇതുവരെ 225,886 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 127,326 പേര് രോഗമുക്തി നേടി. 32,007 പേര് മരണത്തിന് കീഴടങ്ങുകയും ചെയ്തു.
കോവിഡ് ഏറെ ബാധിച്ച സ്പെയിനിലും രണ്ടു മാസത്തിനിടെയുള്ള ഏറ്റവും ചെറിയ മരണ നിരക്കാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 59 മരണം. രാജ്യത്തെ മൊത്തം മരണം 27,709 ആയി. 231,606 പോസിറ്റീവ് കേസുകളാണ് സ്പെയിനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.