തിരുവനന്തപുരം: സ്പ്രിംഗളര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ‘ചാവേറായ’ ഐ.ടി സെക്രട്ടറി ശിവശങ്കര്‍ പുറത്തേക്കു പോകുന്നത് നിസ്സഹായനായി നോക്കി നിന്ന് പിണറായി വിജയന്. സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ പ്രതിക്കൂട്ടില്‍ നില്ക്കുന്ന സാഹചര്യത്തില്‍ തന്റെ ഇഷ്ട ഉദ്യോഗസ്ഥനെ ബലി നല്‍കുക മാത്രമേ മുഖ്യമന്ത്രിക്കു മുന്നില്‍ പോംവഴിയുണ്ടായിരുന്നു. കണ്ണൂര്‍ മുന്‍ കലക്ടര്‍ മിര്മുഹമ്മദാണ് ശിവശങ്കറിന്റെ സ്ഥാനത്തേക്കു വരുന്നത്.
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള അടുത്ത ബന്ധമാണ് ശിവശങ്കറിനെ തെറിപ്പിച്ചത്. ശിവശങ്കര്‍ സ്വപ്നയുടെ ഫ്ളാറ്റില്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു എന്നും മദ്യസല്‍ക്കാരം നടന്നിരുന്നു എന്നും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സ്വപ്നയുടെ അയല്‍ക്കാരാണ് ശിവശങ്കര്‍ ഫ്ളാറ്റില്‍ നിത്യസന്ദര്‍ശകനായിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നത്.

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നാണ് ശിവശങ്കറിനെ നീക്കിയിട്ടുള്ളത്. ഐ.ടി സെക്രട്ടറിയായി തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ രണ്ടു ദിവസത്തിന് അകം തീരുമാനമുണ്ടാകും. സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതു കൊണ്ടു തന്നെ അദ്ദേഹം ഐ.ടി സെക്രട്ടറി സ്ഥാനത്തു നിന്നും പടിയിറങ്ങാനാണ് സാദ്ധ്യത.
സ്പ്രിംഗ്ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നിന്ന വേളയില്‍ രക്ഷക്കെത്തിയത് ശിവശങ്കറായിരുന്നു. യു.എസ് കമ്പനിക്ക് കരാര്‍ നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്നും എല്ലാം തന്റെ വിവേചനാധികാരം ഉപയോഗിച്ചായിരുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
‘സേവനം സൗജന്യമാണെന്ന് ഉറപ്പു വരുത്തിയിരുന്നു. സുരക്ഷാ പ്രശ്നമില്ലെന്ന് വ്യക്തമായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമ വകുപ്പിന്റെ ഉപദേശം തേടണമെന്ന് തോന്നിയില്ല. വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു ടെക്നോളജിക്കല്‍ പ്ലാറ്റ്ഫോം വേണമെന്ന് തീരുമാനിച്ചിരുന്നു. ആ പ്ലാറ്റ്ഫോം ഏതാണെന്ന് തിരഞ്ഞെടുത്തതും ഒപ്പിട്ടതും തന്റെ ഉത്തരവാദിത്തമാണ്. അതൊരു പര്‍ച്ചേസ് തീരുമാനമാണ്. അതില്‍ മറ്റാരും കൈ കടത്തിയിട്ടില്ല.’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ശിവശങ്കറിലെ ബലി നല്കി മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വിഷയത്തില്‍ പ്രധാനപ്പെട്ട ഇടതു നേതാക്കള്‍ ഒന്നും പ്രതികരിച്ചിട്ടില്ല. കസ്റ്റംസ് കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ വരുന്ന സ്ഥാപനമായതു കൊണ്ടു തന്നെ കരുതലോടെയാണ് സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും നീക്കം.
പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്, സ്പേസ് പാര്‍ക്ക്, സ്പ്രിംഗ്ളര്‍ എന്നീ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ സ്വര്‍ണക്കടത്ത് സര്‍ക്കാറിന്റെ ഉറക്കം കെടുത്തുന്നത്.