ഇന്ത്യ-പാക് യുദ്ധം; ഉചിതമായ സമയമെന്ന് ബിപിന്‍ റാവത്ത്; തയ്യാറെന്ന് പാകിസ്താന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുള്ള പാക് സൈന്യത്തിന്റേയും തീവ്രവാദികളുടേയും മനുഷ്യത്വമില്ലായ്മക്ക് മറുപടി ഉചിതമായ നല്‍കാന്‍ സമയം ഇതാണെന്ന് ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്ത്. പാകിസ്താനൊപ്പം ഒരു സമാധാന ചര്‍ച്ചകളും സാധ്യമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. കശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പാകിസ്താനു വ്യക്തമായ പങ്കുണ്ടെന്നാരോപിച്ചാണ് ഇന്ത്യ, ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ നിന്നു പിന്മാറിയിരുന്നു. ഇതിനു പിന്നാലെയാണ് കരസേന സൈനിക ബിപിന്‍ റാവത്ത് രംഗത്തെത്തിയത്.

ബിപിന്‍ റാവത്തിനു മറുപടിയുമായി പാക് സൈന്യവും രംഗത്തെത്തിയിരിക്കുകയാണ്. പാകിസ്ഥാന്‍ യുദ്ധത്തിനു തയാറാണെന്ന് പാക് സൈനിക വക്താവ് പറഞ്ഞതായി ദി ഡോണ്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പാകിസ്ഥാനിലെ ജനങ്ങളുടെ താത്പര്യം കണക്കിലെടുത്താണ് സമാധാന മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നതെന്നും ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ മറുപടി നല്‍കിയിരിക്കുകയാണ്.

അതേസമയം റഫാല്‍ അഴിമതിയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ മോദി സര്‍ക്കാര്‍ പാകിസ്താനുമായി യുദ്ധത്തിന് ശ്രമിക്കുന്നുവെന്നു പാകിസ്താന്‍ ഫെഡറല്‍ മിനിസ്റ്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഫവാദ് ഹുസൈന്‍ ആരോപിച്ചിരുന്നു. ഇന്ത്യയിലെ ഭരണകക്ഷിയായ ഉന്നതവര്‍ഗം ഉയര്‍ത്തുന്ന യുദ്ധക്കൊതിയെ ഞങ്ങള്‍ തള്ളിക്കളയുന്നു. ഈ വന്‍അഴിമതിയില്‍ നിന്നും ഇന്ത്യന്‍ ജനതയുടെ ശ്രദ്ധതിരിക്കാനും മോദി രാജിവെക്കുകയെന്ന മുറവിളിയില്‍ നിന്നും രക്ഷപ്പെടാനുമാണ് ഭാരതസര്‍ക്കാര്‍ പാകിസ്താനെതിരെ വെറുപ്പിന്റെ രാഷ്ട്രീയത്തിലുടെ യുദ്ധമുറവിളി കൂട്ടുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ഫവാദ് ഹുസൈന്‍ മോദി സര്‍ക്കാറിനെ ട്വീറ്റിലുടെ കടന്നാക്രമിച്ചത്.