സത്യത്തിനൊപ്പം ഉറച്ചുനില്‍ക്കാന്‍ ധൈര്യം കാട്ടിയ ‘ചന്ദ്രിക’ക്ക് നന്ദി: നമ്പി നാരായണന്‍

തിരുവനന്തപുരം കോട്ടയ്ക്കകത്തെ വസതിയിലിരുന്ന്, ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക വിലയിരുത്തലുകളുമായി പുറത്തിറങ്ങിയ ചന്ദ്രിക പത്രം വായിക്കുന്ന നമ്പി നാരായണന്‍

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഉണ്ടായപ്പോള്‍ അതില്‍ സത്യമില്ലെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും സത്യം തുറന്നു പറയാന്‍ പലരും മുതിര്‍ന്നില്ലെന്നും എന്നാല്‍ സത്യം തുറന്നുപറയാന്‍ അന്ന് ധൈര്യം കാട്ടിയ ഏക മലയാള പത്രമാണ് ‘ചന്ദ്രിക’യെന്നും ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍.

സത്യത്തിനൊപ്പം അന്ന് നിലയുറപ്പിച്ചതില്‍ തനിക്ക് ‘ചന്ദ്രിക’യോട് ഏറെ നന്ദിയുണ്ടെന്നും ഇപ്പോള്‍ ഏറെ സന്തോഷം തോന്നുന്നു വെന്നും അദ്ദേഹം പറഞ്ഞു.ചാരക്കേസിന്റെ നാളുകളില്‍ അപസര്‍പ്പകഥകള്‍ മെനയാന്‍ മാധ്യമങ്ങള്‍ മത്സരിച്ചപ്പോള്‍ വേറിട്ടുനിന്ന ‘ചന്ദ്രിക’യുടെ നിലപാട് അന്നത്തെ പത്രറിപ്പോര്‍ട്ടുകളടക്കം ഉള്‍പ്പെടുത്തി ഇന്നലെ ‘ചന്ദ്രിക’യില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ വിലയിരുത്തി തിരുവനന്തപുരം കോട്ടയ്ക്കകത്തെ വസതിയില്‍ ‘ചന്ദ്രിക’യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Read More: ‘ചാരക്കഥകളുടെ മറുവശം’: നമ്പി നാരായണനെ പ്രതിരോധിച്ച് അന്ന് ‘ചന്ദ്രിക’ പറഞ്ഞത്

മലയാളം വഴങ്ങാത്തതിനാല്‍ മറ്റുള്ളവരുടെ സഹായത്തോടെയാണ് അദ്ദേഹം മലയാള പത്രങ്ങളിലെ വാര്‍ത്തകളും വിശകലനങ്ങളും മനസിലാക്കുന്നത്. ചാരക്കേസിന്റെ കാലത്ത് എല്ലാ പത്രങ്ങളിലേയും വാര്‍ത്തകളും വിശകലനങ്ങളും അദ്ദേഹം സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. അന്ന് മലയാള പത്രങ്ങളില്‍ ‘ചന്ദ്രിക’യും ഇംഗ്ലീഷ് പത്രങ്ങളില്‍ ‘ദി ഹിന്ദു’വും മാത്രമാണ് നിര്‍ഭയമായി സത്യം തുറന്നു കാട്ടാന്‍ ധൈര്യം കാട്ടിയത്. ഇക്കാര്യം താന്‍ പലരോടും പറഞ്ഞിട്ടുണ്ടെന്നും നിറഞ്ഞ ചിരിയോടെ നമ്പി നാരായണന്‍ പറഞ്ഞു.

സത്യം എന്താണെന്ന് തനിയ്ക്ക് വ്യക്തമായി അറിയാം. അതുവിജയിച്ചു. ഇതില്‍ കൂടുതലെന്തുപറയാന്‍, ഏറെ സന്തോഷമുണ്ട്. തൂവെളള താടി തടവി ചിരിമായാത്ത മുഖഭാവത്തോടെ അദ്ദേഹം പറഞ്ഞു നിര്‍ത്തി.