500 കിലോ വരെ ഭാരമുള്ളതും ചെലവുകുറഞ്ഞതുമായ റോക്കറ്റുകളുമായി ഐ.എസ്.ആര്‍.ഒ

തിരുവനന്തപുരം: കരുത്തേറിയതും ചെലവുകുറഞ്ഞതുമായ ചെറിയ റോക്കറ്റുകള്‍ നാലുമാസത്തിനുള്ളില്‍ ഇന്ത്യന്‍ സ്‌പെയിസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) വിക്ഷേപിക്കുമെന്ന് വിക്രം സാരാഭായ് സ്‌പെയിസ് സെന്റര്‍ (വി.എസ്എസ്.സി) ഡെപ്യൂട്ടി ഡയറക്ടര്‍ ടിവി ഹരിദാസ് പറഞ്ഞു. 35 കോടിരൂപവരെ ചെലവുവരുന്ന 500 കിലോ വരെ ഭാരമുള്ള റോക്കറ്റുകളാണ് വിക്ഷേപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹിരാകാശ സാങ്കേതികവിദ്യകളിലൂടെയുണ്ടായ സുപ്രധാന മാറ്റങ്ങളെക്കുറിച്ചും പുതിയ ദൗത്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി കോവളം റാവീസ് ബീച്ച് റിസോര്‍ട്ടില്‍ ‘നവ ബഹിരാകാശം-അവസരങ്ങളും മുന്നോട്ടുള്ള വഴികളും’ എന്ന വിഷയത്തില്‍ ആരംഭിച്ച ദ്വിദിന ഉച്ചകോടിയായ ‘എഡ്ജ് 2020’ ലെ പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുളള ആദ്യ വിക്ഷേപണം അടുത്ത നാലുമാസത്തിനുള്ളില്‍ ഉണ്ടാകും. വിപണിയിലെ ചെറുകിട ഇടത്തരം മധ്യ വിഭാഗങ്ങളിലേക്കെത്തിപ്പെടാനാകുന്നതുകൊണ്ട് ഇതിലൂടെ ഐഎസ്ആര്‍ഒക്ക് വന്‍ വാണിജ്യനേട്ടം കൈവരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ തുടങ്ങുന്ന രാജ്യത്തെ ആദ്യ സ്‌പെയ്‌സ് പാര്‍ക്കിന്റെ ആഭിമുഖ്യത്തിലാണ് ഉച്ചകോടി നടക്കുന്നത്. മൂന്നാഴ്ച കൊണ്ട് ഐ.എസ്.ആര്‍.ഒക്ക് ഇത്തരം റോക്കറ്റുകള്‍ നിര്‍മിക്കാനാകുമെന്നതാണ് സവിശേഷത. റോക്കറ്റുകള്‍ക്കായി ഐഎസ്ആര്‍ഒ 160 കോടി ഡോളര്‍ നീക്കിവച്ചിട്ടുണ്ട്. ഇതില്‍ 87കോടി ഡോളര്‍ പിഎസ്എല്‍വിക്കും ശേഷിച്ചവ ജിഎസ്എല്‍വിക്കുമാണ്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 500 പിഎസ്എല്‍വി റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിന് ഐഎസ്ആര്‍ഒയ്ക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹിരാകാശമേഖലയിലെ സാങ്കേതികവിദ്യാ വികസനത്തില്‍ ഫ്രാന്‍സിനും ഇന്ത്യയ്ക്കും അനന്ത സാധ്യതയുണ്ടെന്ന് ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസിന്റെ കണക്ട് ഇന്നൊവേഷന്‍ ഡയറക്ടര്‍ ഡോ. റാബിന്‍ ഗില്ലസ് മുഖ്യപ്രഭാഷണത്തില്‍ വ്യക്തമാക്കി. ചാന്ദ്ര ദൗത്യത്തിനായി ഇന്ത്യയ്ക്കും ഫ്രാന്‍സിനും ഒരുമിച്ചു പ്രവര്‍ത്തിക്കാനാകും. ബഹിരാകാശ ഇടപെടലുകളില്‍ പങ്കാളിത്തമാണ് പരിഹാരം. ക്ഷമയും സ്വപ്‌നവും പരസ്പരപൂരകങ്ങളായി വരുന്ന മേഖലയാണ് ബഹിരാകാശ വ്യവസായമെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹിരാകാശ ഗവേഷണ പരിപാടികളില്‍ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അമേരിക്കയിലെ എല്‍എഎസ്പി പ്രോഗ്രാം ഡയറക്ടര്‍ ഡോ. ഡാനിയേല്‍ ബേക്കര്‍ ചൂണ്ടിക്കാട്ടി. സഹകരണം, നൂതത്വം, ആര്‍ജവം എന്നിവയാണ് വിജയകരമായ ബഹിരാകാശ ദൗത്യങ്ങളുടെ അടിത്തറയെന്ന് യുകെ സ്‌പെയ്‌സ് ഏജന്‍സി വക്താവ് ശ്രീ റാക്വിബ് ഇസ്ലാം അഭിപ്രായപ്പെട്ടു. ബഹിരാകാശ സാങ്കേതികവിദ്യാ മേഖലയിലെ ആഗോള വിദഗ്ധരും വ്യവസായ പ്രമുഖരും അണിനിരന്ന ഉച്ചകോടിയില്‍ ഐഎസ്ആര്‍ഒ, എയര്‍ബസ്, സിഎന്‍ഇഎസ്, എല്‍എഎസ്പി, സ്‌പെയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.