ഇസ്രാഈലിനെ തള്ളി വീണ്ടും യുനെസ്‌കോ പ്രമേയം

പാരിസ്: മസ്ജിദുല്‍ അഖ്‌സയിലേക്ക് കടക്കുന്നതില്‍നിന്ന് മുസ്്‌ലിംകളെ വിലക്കുന്ന ഇസ്രാഈല്‍ നടപടിയെ വിമര്‍ശിക്കുന്ന പ്രമേയം യുനെസ്‌കോ വീണ്ടും വോട്ടിനിട്ട് പുതുക്കി. യുനെസ്‌കോയുടെ വെബ്‌സൈറ്റില്‍ മസ്ജിദുല്‍ അഖ്‌സയെ മുസ്്‌ലിം പേരുകളിലൂടെ മാത്രം പരിചയപ്പെടുത്തിയതും ഇസ്രാഈലിനെ രോഷാകുലമാക്കിയിട്ടുണ്ട്.
ജറൂസലമിലെ വിശുദ്ധ ഗേഹവുമായി ബന്ധപ്പെട്ട ഇസ്രാഈലിന്റെ ജൂത ചരിത്രത്തെ യുനെസ്‌കോ തീര്‍ത്തും നിരാകരിച്ചിരിക്കുകയാണ്. ഇസ്രാഈലിനെതിരായ പ്രമേയം യുനെസ്‌കോ നേരത്തെയും അംഗീകരിച്ചിട്ടുണ്ട്. പ്രമേയത്തെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രൂക്ഷമായി വിമര്‍ശിച്ചു. മസ്ജിദുല്‍ അഖ്‌സയുമായി ഇസ്രാഈലിന് ബന്ധമില്ലെന്ന് പറയുന്നത് വന്‍മതിലുമായി ചൈനക്ക് ബന്ധമില്ലെന്ന് പറയുന്നതുപോലെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ അധിനിവേശം അവസാനിപ്പിക്കുകയും ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയും ചെയ്യണമെന്ന ശക്തമായ സന്ദേശമാണ് യുനെസ്‌കോ പ്രമേയം ഇസ്രാഈലിന് നല്‍കിയിരിക്കുന്നതെന്ന് ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബൂ റുദൈന പറഞ്ഞു.

SHARE