പൗരത്വ സമരത്തില്‍ പങ്കെടുത്ത ഇസ്രത്ത് ജഹാന് പത്തുദിവസത്തേക്ക് ജാമ്യം; വിവാഹം നാളെ; എട്ടാം ദിവസം വീണ്ടും ജയിലറയിലേക്ക്

ന്യൂഡല്‍ഹി: പൗരത്വ സമരത്തില്‍ പങ്കെടുത്ത ഇസ്രത്ത് ജഹാന് ജാമ്യം ലഭിച്ചു. വിവാഹത്തിനായാണ് ഇസ്രത്തിന് പത്തു ദിവസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡല്‍ഹി പൊലീസ് കള്ളക്കേസ് ചുമത്തി ജയിലിലടച്ച ഇസ്രത്ത് ജഹാന്‍ വിവാഹത്തിനു ശേഷം എട്ടാം ദിവസം വീണ്ടും ജയിലറയിലേക്ക് പോകണം. ഡല്‍ഹി വംശഹത്യയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഇസ്രത്തിനെ ജയിലിലടച്ചത്. യുഎപിഎ ചുമത്തിയായിരുന്നു അറസ്റ്റ്.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് കോണ്‍ഗ്രസ് നേതാവും മുന്‍മുനിസിപ്പല്‍ കൗണ്‍സിലറുമായ ഇസ്രത്ത് ജഹാനെ യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. മെയ് 30ന് വിവാഹിതയാകാന്‍ ഡല്‍ഹി കോടതി 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലും തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത് എന്ന ഉപാധിയിലുമാണ് ജാമ്യം.

ജൂണ്‍ 19വരെ ജാമ്യം ലഭിച്ച ഇസ്രത്ത് ജഹാന്‍ ഇന്നലെയാണ് ജയിലില്‍ നിന്നിറങ്ങിയത്. വിവാഹമായതിനാല്‍ 30 ദിവസത്തേക്കാണ് ജാമ്യം ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി അത് നിഷേധിക്കുകയായിരുന്നു. 2020 ജൂണ്‍ 12ന് കല്യാണം നടത്താന്‍ 2018ല്‍ തന്നെ നിശ്ചയിച്ചതാണെന്ന് ഇസ്രത്തിന് വേണ്ടി ഹാജരായ അഡ്വ. എസ് കെ ശര്‍മ കോടതിയില്‍ ബോധിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.

ജയിലില്‍ നിന്നിറങ്ങി നേരെ ഡല്‍ഹിയിലെ വസതിയിലേക്കാണ് ഇസ്രത്ത് പോയത്. വിവാഹകാര്യങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇസ്രത്ത് തയ്യാറായിരുന്നില്ല. ഇന്നലെ രാവിലെ 11.30ഓടെയാണ് ഇസ്രത്ത് തീഹാര്‍ ജയിലില്‍ നിന്നുമിറങ്ങിയതെന്ന് അവരുടെ സഹോദരന്‍ അന്‍വര്‍ ജഹാന്‍ പറഞ്ഞു. വിവാഹത്തെ കുറിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ ഇസ്രത്തിന് താല്‍പര്യമില്ലെന്നും അന്‍വര്‍ ജഹാന്‍ പറഞ്ഞു.

വരന്റെ പേരോ വിവാഹ സ്ഥലമോ പറയാന്‍ തയ്യാവാതിരുന്ന അന്‍വര്‍, ന്യൂഡല്‍ഹി ജാമിഅ മില്ലിയ ഏരിയയിലാണ് വരന്റെ വീടെന്നും അദ്ദേഹത്തിന് കണ്‍സ്ട്രക്ഷന്‍ ബിസിനസ് ആണെന്നും മാത്രം സൂചിപ്പിച്ചു. സാധാരണ ജാമ്യം കിട്ടിയതിനുശേഷവും ഇസ്രത്ത് തന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും ഇപ്പോള്‍ പ്രഥമ പരിഗണന കുടുംബ ജീവിതത്തിനാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അഭിഭാഷക കൂടിയായ ഇസ്രത്ത് ജഹാന്‍ സമാധാനപരമായി നടന്നുകൊണ്ടിരുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ചെയ്തതെന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന യുക്തിരഹിതമായ നടപടികള്‍ക്കെതിരെ എതിര്‍പ്പ് രേഖപ്പെടുത്താനും സമാധാനപരമായ പ്രതിഷേധം നയിക്കാനുമുള്ള മൗലീകാവകാശമാണ് ഇതെന്നും കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗ് മാതൃകയില്‍ സ്ത്രീകളെ സംഘടിപ്പിച്ച് സാമാധാനപരമായി സമരം നയിച്ച ഇസ്രത്തിനെ ഫെബ്രുവരി 26നാണ് ഡല്‍ഹി പൊലീസ് ആദ്യം അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് മാര്‍ച്ച് 26ന് ജാമ്യം ലഭിച്ച ഇസ്രത്തിനെ അതേ ദിവസം തന്നെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഡല്‍ഹി കലാപവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു രണ്ടാമത്തെ അറസ്റ്റ്. തുടര്‍ന്നാണ് ഇസ്രത്തിനെതിരെ ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്തുന്നത്.

ഇസ്രത്ത് ജഹാന് പുറമേ ഗുലിഫ്ഷാ ഖാതൂന്‍, ജാമിഅ കോഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, ജാമിഅ പൂര്‍ വിദ്യാര്‍ഥി സംഘടനാ ഭാരവാഹി ഷിഫാ ഉര്‍ റഹ്മാന്‍, ആക്ടിവിസ്റ്റ് ഖാലിദ് സൈഫി, എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍, ജെഎന്‍യു വിദ്യാര്‍ഥികളായ നടാഷ നര്‍വാല്‍, മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ് എന്നിവരേയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

ഐപിസി 147 (കലാപുണ്ടാക്കല്‍), 148 (മാരകായുധങ്ങള്‍ ഉപയോ?ഗിച്ച് കലാപമുണ്ടാക്കല്‍), 149 (നിയമലംഘന കൂടിച്ചേരല്‍), 186 (പൊതുസേവനകന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക), 353 (പൊതുസേവകനെ ആക്രമിക്കുക), 332 (പൊതുസേവകനെ മനഃപൂര്‍വം മുറിവേല്‍പ്പിക്കുക), 307 (കൊലപാതക ശ്രമം), 109 (കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക), 34 എന്നീ വകുപ്പുകളും ആയുധ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളാണ് ഇസ്രത്ത് ജഹാനെതിരായ എഫ്‌ഐആറില്‍ പൊലീസ് ചുമത്തിയിരിക്കുന്നത്. ഇതിനു ശേഷമാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെടുത്തി യുഎപിഎയും ചുമത്തിയത്.

SHARE