ഇസ്രായേല്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാവുന്നു; അടിച്ചമര്‍ത്തി നെതന്യാഹു-നിരവധിപേര്‍ അറസ്റ്റില്‍

ജറുസലേം: കോവിഡ് പ്രതിരോധത്തിനിടയിലും തുടരുന്ന അഴിമതിക്കും ഭരണവീഴ്ചക്കുമെതിരെ ഇസ്രായേല്‍ സര്‍ക്കാറിനെിരെ ഉയരുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അഴിമതിയില്‍ കുറ്റാരോപിതനായ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയായി ഇസ്രായേലിന്റെ വിവിധ തെരുവുകളില്‍ ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്. കോവിഡ് പ്രതിരോധം സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനെതിരെ ജറുസലേമില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ ഇസ്രായേല്‍ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും ഒറ്റ രാത്രിയില്‍ അന്‍പതിലേറെ സമരക്കാരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

ഗുരുതരമായ അഴിമതി ആരോപണം കോവിഡിനെ പ്രതിരോധിക്കുന്നതിലുള്ള വീഴ്ച ഉള്‍പ്പെടെ വിചാരണ നേരിടുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അടുത്തിടെ പ്രതിഷേധം ശക്തമാവുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ചകളില്‍ ബാള്‍ഫോര്‍ സ്ട്രീറ്റിലെ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്ക് സമീപം പ്രതിഷേധ പ്രകടനക്കാര്‍ സംഗമിച്ചിരുന്നു. ഇസ്രായേലിലെ അവധിദിവസമയ വെള്ളിയാഴ്ച രാത്രി ഇസ്രായേല്‍ യുവത്വത്തിന്റെ പ്രതിഷേധമാണ് രാജ്യം കണ്ടത്. തെരുവില്‍ മണിക്കൂറുകളോളം പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചതോടെ സമാധാനമായി സമരം നടത്തിയവര്‍ക്കെതിരെ പോലീസ് ആക്രമണം നടത്തുകയായിരുന്നു.

നെതന്യാഹു വിരുദ്ധ റാലികള്‍ മാസങ്ങളായി നടക്കുകയാണ്. നെതന്യാഹുവിനെതിരെ നിരന്തരം ആയിരക്കണക്കിന് ആളുകള്‍ നഗരത്തില്‍ അണിനിരക്കുന്നത്. ഇതിനിടെ ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റിന് സമീപം നടന്ന പ്രതിഷേധ സംഗമം നാടകീയ രംഗങ്ങള്‍ക്കും കാരണമായി. കഴിഞ്ഞദിവസം പ്രകടനത്തില്‍ നഗ്‌നത പ്രദര്‍ശനവുമായി പ്രതിഷേധക്കാരിയെത്തയാണ് വിവാദമായത്. ചൊവ്വാഴ്ച രാത്രി നെസെറ്റിനടുത്തുള്ള ട്രാഫിക് ഐലന്‍ഡില്‍ ഇസ്രായേലിെന്റ ഔദ്യോഗിക മുദ്രയായ മെനോറ പ്രതിമക്കുമുകളില്‍ കയറിയ സ്ത്രീ മേല്‍വസ്ത്രം അഴിച്ചുമാറ്റുകയായിരുന്നു. ചുവന്ന പതാക വീശിയ ഇവര്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യവുമുയര്‍ത്തി പ്രതിഷേധിച്ചു.

മെയ് മാസത്തില്‍ ആരംഭിച്ച പ്രധാനമന്ത്രിയുടെ വിചാരണയില്‍ ചോദ്യംചെയ്താണ് പ്രതിഷേധം. ശതകോടീശ്വരന്മാരായ സുഹൃത്തുക്കളില്‍ നിന്ന് ലക്ഷക്കണക്കിന് പൗണ്ട് വിലവരുന്ന് ആഡംബരങ്ങള്‍ സമ്മാനമായി സ്വീകരിച്ചതായും വാര്‍ത്താ പ്രചാരണത്തിന് പകരമായി മാധ്യമ നിയമനിര്‍മ്മാണത്തില്‍ പ്രധാനമന്ത്രി ഇടപെട്ടതായുമാണ് ആരോപണം. ഇത്തരത്തില്‍ വിചാരണ നേരിടുന്ന ആദ്യത്തെ ഇസ്രായേലി നേതാവാണ് നെതന്യാഹു.