ഗസ്സയില്‍ ഇസ്രാഈല്‍ വെടിവെച്ചിട്ടത് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനിരുന്ന താരത്തെ; അലാ അല്‍ ദാലിയുടെ കാല്‍ മുറിച്ചുമാറ്റി

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഗസ്സ പ്രതിഷേധത്തില്‍ ഇസ്രാഈല്‍ സൈന്യം വെടിവെച്ചിട്ടത് നാളെയുടെ കായിക താരത്തിന്റെ നിറമുള്ള സ്വപ്നങ്ങളെ. ഗസ്സ മണ്ണില്‍ സ്വന്തം ഭൂമി തിരിച്ചു കിട്ടിനായുള്ള ഫലസ്തീനികളുടെ പ്രതിഷേധത്തിനു നേരെയുള്ള വെടിവെപ്പില്‍ ഫലസ്തീന്‍ ദേശീയ സൈക്ലിങ് താരം അലാ അല്‍ ദാലിയുടെ കാലിനാണ് വെടിയേറ്റത്. തുടര്‍ന്നു ചികിത്സയിലായ അല്‍ദാലിയുടെ വലതു കാല്‍ മുറിച്ചു മാറ്റപ്പെട്ടു. 2018-ലെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇരുപത്തിയൊന്നുകാരനായ അലാ അല്‍ ദാലി.

‘വെടിയേറ്റ് വീഴുമ്പോള്‍ എനിക്കറിയാമായിരുന്നു ഇനിയൊരിക്കലും എന്റെ ജീവിതത്തില്‍ സൈക്കിള്‍ ചവിട്ടാകില്ലയെന്ന്. ഏഷ്യന്‍ ഗെയിംസിനായി കഴിഞ്ഞ കൂറെ മാസങ്ങളായി ഞാന്‍ ദിവസവും ചുരുങ്ങിയത് ആറു മണിക്കൂര്‍ പരിശീലിക്കുന്നു. ഏഷ്യന്‍ ഗെയിംസ് പോലുള്ള വലിയ രാജ്യാന്തര വേദിയില്‍ നാടിന്റെ കൊടി ഉയര്‍ത്തിപ്പിടിച്ച് ഭാഗമാവുകയെന്നത് എന്റെ സ്വപ്നമായിരുന്നു’ അലാ അല്‍ദാലിമി പറഞ്ഞു.

അലാ താന്‍ കണ്ട മികച്ച സൈക്കിളിസ്റ്റുകളില്‍ ഓരാളാണ്. പല അന്തര്‍ദേശീയ മത്സരങ്ങളിലും അവന്‍ ഇതിനോടകം തന്നെ ചാമ്പ്യന്‍നായി. ഏഷ്യന്‍ ഗെയിംസിലെ ഞങ്ങളുടെ പ്രതീക്ഷ അവനിലായിരുന്നു -. അലായുടെ കോച്ച് ഹസ്സന്‍ അബൂ ഹര്‍ പ്രതികരിച്ചു.

ഇസ്രാഈല്‍ കൈയേറിയ ഫലസ്തീന്‍ ഭൂമി തിരിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ കഴിഞ്ഞ മാര്‍ച്ച് 30 മുതല്‍ എല്ലാ വെള്ളിയാഴ്ചയും പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഔദ്യോഗിക കണക്കു പ്രകാരം പ്രതിഷേധത്തില്‍ ഇതുവരെ 40 പേര്‍ മരിക്കുകയും അയ്യായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.