സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ കൊവിഡ് പരിശോധനാഫലം വ്യക്തമായി അറിയാന്‍ സഹായിക്കുന്ന പുതിയ സംവിധാനം രംഗത്തെത്തുന്നു. ലോകത്ത് നിലവിലുള്ള ദീര്‍ഘനേരം എടുക്കുന്ന കൊവിഡ്-19 പരിശോധനാരീതികളെ കീഴ്‌മേല്‍ മറിക്കുന്നതാണ് പുതിയ സംവിധാനം. കൃത്രിമബുദ്ധിയുടെയും മെഷീന്‍ ലേണിങിന്റെയും സഹായത്തോടെയുള്ള പുതിയ പരിശോധനാരീതി ഇന്ത്യ-ഇസ്രയേല്‍ സംയുക്ത സംരംഭമാണ് വികസിപ്പിക്കുന്നത്.
ശബ്ദപരിശോധന, ശ്വാസ പരിശോധന, ഐസോതെര്‍മല്‍ പരിശോധന, ഉമിനീരിന്റെ സാംപിള്‍ പരിശോധിച്ചുള്ള പോളിഅമിനോ ആസിഡ് പരിശോധന തുടങ്ങിയ കോവിഡ് പരിശോധനാ രീതികളാണ് പുതിയ സംവിധാനത്തിലുള്ളത്.
കൊവിഡ് രോഗിയുടെ ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ വോയ്‌സ് ടെസ്റ്റില്‍ കൃത്രിമബുദ്ധിയുടെ സഹായത്തോടെ കണ്ടെത്താനാവുന്നതാണ് ഒരു രീതി. ശ്വാസകോശത്തിലുണ്ടാകുന്ന രോഗബാധ ഉള്‍പ്പെടെ തിരിച്ചറിയുകയും ചെയ്യുന്ന ബ്രെത്ത് അനലൈസര്‍ പരിശോധനയാണ് മറ്റൊരു സംവിധാനം. ഈ പരിശോധന വഴി രോഗിയുടെ ശ്വാസത്തില്‍ വൈറസിന്റെ സാന്നിധ്യം ടെറാ ഹെര്‍ഡ്‌സ് തരംഗങ്ങളുടെ സഹായത്തോടെ കണ്ടത്താന്‍ കഴിയുന്നു.
ഇതു കൂടാതെ ഐസോതെര്‍മല്‍ പരിശോധനയുമുണ്ട്. മുപ്പത് മിനിട്ടില്‍ പരിശോധനാഫലം അറിയാന്‍ സഹായിക്കുന്ന ഈ രീതി വീടുകളില്‍ നിന്നുതന്നെ ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണ്.
കൊവിഡ് സംശയിക്കുന്നയാളുടെ ഉമിനീരിന്റെ സാംപിള്‍ പരിശോധിച്ച് വൈറസ് സാന്നിധ്യം തിരിച്ചറിയുന്നതാണ് നാലാമത്തെ രീതി. ഉമിനീരില്‍ വൈറസന്റെ സാന്നിധ്യം തിരിച്ചറിയാന്‍ സഹായിക്കുന്ന പോളിഅമിനോ ആസിഡുകളുടെ സഹായത്തോടെയുള്ള പരിശോധന വെറും 35 സെക്കന്റില്‍ സ്ഥിരീകരി്ക്കാന്‍ കഴിയുന്നു.
ഈ പരിശോധനയ്ക്ക് 85 ശതമാനം കൃത്യതയുണ്ട്.
കൊവിഡ് പരിശോധനയില്‍ നാഴികക്കല്ലായേക്കാവുന്ന പുതിയ പരിശോധനാസംവിധാനം നാനോസെന്റ് എന്ന ഇസ്രയേലി കമ്പനിയാണ് പുതിയ സാങ്കതികവിദ്യകള്‍ വികസിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയുടെ പങ്ക് എന്ത് ?
പുതിയ പരിശോധനാ സംവിധാനം ഇന്ത്യയിലായിരിക്കും പരീക്ഷിക്കപ്പെടുക. സംവിധാനം വിജയകരമാണെങ്കില്‍ ഇന്ത്യയില്‍ തന്നെയാവും നിര്‍മ്മാണവും നടക്കുക. ഇസ്രായേലും ഇന്ത്യയും സംയുക്തമായാവും പുതിയ കിറ്റിന്റെ വിപണനം ലോകത്തിന് സാധ്യമാക്കുക.
കൊവിഡ് പരിശോധനായന്ത്രം വൻ തോതിൽ നിര്‍മിച്ച് ലോകവിപണിയിലേയ്ക്ക് കയറ്റുമതി ചെയ്യാനാണ് പദ്ധതി. ഇതിനു മുന്നോടിയായി ഇസ്രയേലി സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം പരരത്യേക വിമാനത്തിൽ അടുത്തയാഴ്ച ഇന്ത്യയിലെത്തും.