ജോര്‍ദാന്‍ വഴിയുള്ള ഫലസ്തീന്റെ കാര്‍ഷിക ഇടപാടും തടഞ്ഞ് ഇസ്രാഈല്‍

റാമല്ല: ജോര്‍ദാന്‍ വഴി ഫലസ്തീന്‍ തുടര്‍ന്നിരുന്ന കാര്‍ഷിക കയറ്റുമതി ഇസ്രാഈല്‍ തടഞ്ഞു. അതിര്‍ത്തി കടന്നുള്ള ഫലസ്തീന്‍ കാര്‍ഷികോല്‍പന്ന കയറ്റുമതി നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് ഇസ്രാഈല്‍ നിര്‍ദേശം നല്‍കിയതായി ഫലസ്തീന്‍ കൃഷി മന്ത്രി റിയാദ് അല്‍ അത്തറി അറിയിച്ചു. ഫലസ്തീനെതിരെ വ്യാപാര യുദ്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇസ്രാഈല്‍ വിലക്ക്.
കാര്‍ഷികോല്‍പന്ന കയറ്റുമതി നിര്‍ത്തിവെച്ചുവെന്ന വാര്‍ത്തയോട് ഇസ്രാഈലും ജോര്‍ദാനും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രാഈലില്‍നിന്നുള്ള കന്നുകാലി കയറ്റുമതി ഫലസ്തീന്‍ ബഹിഷ്‌കരിച്ചിരുന്നു.
ഫലസ്തീന്‍ കാര്‍ഷികോല്‍പന്ന ഇറക്കുമതി പൂര്‍ണമായും നിര്‍ത്തിവെക്കുമെന്ന് ഇസ്രാഈല്‍ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് മറുപടിയായി ഇസ്രാഈലിന്റെ കാര്‍ഷികോല്‍പന്നങ്ങളും പഴച്ചാറുകളും ബോട്ടില്‍ വെള്ളവും ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിവെക്കുമെന്ന് ഫലസ്തീന്‍ അതോറിറ്റിയും അറിയിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പശ്ചിമേഷ്യന്‍ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷം ശക്തിയാര്‍ജിച്ചിരിക്കുകയാണ്.
അധിനിവേശ വെസ്റ്റ്ബാങ്ക് ഇസ്രാഈലിന് വിട്ടുകൊടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന പദ്ധതി അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയില്‍ ഇസ്രാഈല്‍ മാര്‍ക്കറ്റുകളെ ആശ്രയിക്കുന്നത് പരമാവധി കുറക്കാനാണ് ഫലസ്തീന്‍ അതോറിറ്റിയുടെ തീരുമാനം.
കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ഇസ്രാഈലിനെ അമിതമായി ആശ്രയിക്കുന്നത് അപകടം ചെയ്യുമെന്ന് ഫലസ്തീന്‍ നേതാക്കള്‍ വിലയിരുത്തുന്നു.

SHARE