ഡബ്ല്യൂ.എച്ച്.ഒയെ അവഗണിച്ച് വെറ്റിലേറ്ററും സര്‍ജിക്കല്‍ മാസ്‌കുകളും കയറ്റുമതി; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നിലവിലുള്ള വെറ്റിലേറ്ററുകളും സര്‍ജിക്കല്‍ മാസ്‌കുകളും കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംപി.

ലോകാരോഗ്യ സംഘടനയുടെ ഉപദേശം നിലനില്‍ക്കെ വെറ്റിലേറ്ററുകളും സര്‍ജിക്കല്‍ മാസ്‌കുകളും കയറ്റുമതി ചെയ്തതിനെരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററിലൂടെയായരുന്നു രാഹുലിന്റെ വിമര്‍ശനം.

കോവിഡ് പടരുന്നതിനിടെ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ലോകാരോഗ്യസംഘടനയുടെ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്ന കോവിഡ് സംരക്ഷണ ഉപകരണങ്ങള്‍ ഇന്ത്യ സംഭരിച്ചിട്ടില്ലെന്ന വിവാദം നിലനില്‍ക്കെയാണ് പുതിയ വിമര്‍ശനവുമായി രാഹുല്‍ എത്തിയത്. ഡബ്യൂഎച്ച്ഒയുടെ ഉപദേശം അവഗണിച്ച് വെറ്റിലേറ്ററുകളും സര്‍ജിക്കല്‍ മാസ്‌കുകളും ഇന്ത്യ മാര്‍ച്ച് 19 വരെ കയറ്റുമതി ചെയ്തായി രാഹുല്‍ ട്വീറ്റില്‍ ആരോപിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉപദേശം സംബന്ധിച്ച കാരവന്‍ മാഗസിന്റെ വാര്‍ത്തി പങ്കുവെച്ചാണ് രാഹുലിന്റെ വിമര്‍ശനം.

ബഹുമാനപ്പെട്ട പ്രധാനമന്ത്രി,
ലോകാരോഗ്യ സംഘടനയുടെ ഉപദേശങ്ങളില്‍ ഒന്ന്, വെന്റിലേറ്ററാണ്, രണ്ട് സര്‍ജിക്കല്‍ മാസ്‌ക്കുകളും. എന്നാല്‍ മാര്‍ച്ച് 19 വരെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇവയെല്ലാം കയറ്റുമതി ചെയ്യാന്‍ അനുവദിച്ചത് എന്തുകൊണ്ടാണ്?
കുഴപ്പം സംഭവിക്കുന്ന നേരത്ത് എന്ത് ശക്തികളാണ് ഇത് ചെയ്തത്
ഇതൊരു ക്രിമിനല്‍ ഗൂഡാലോചനയല്ലേ?, രാഹുല്‍ ട്വീറ്റ് ചെയ്തു.

കോവിഡ് 19 സംബന്ധിച്ച് രാജ്യം നേരിടുന്ന ആശങ്കകള്‍ ഫെബ്രുവരിയില്‍ തന്നെ രാഹുല്‍ ഗാന്ധി മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പുമായി രാഹുല്‍ നിരവധി ട്വീറ്റുകളും ചെയ്തിരുന്നു.

കൊറോണ വൈറസ് വ്യാപനത്തിനെതിരെ മാര്‍ച്ച് 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏര്‍പ്പെടുത്തിയ ജനത കര്‍ഫ്യൂവില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും പങ്കാളികളായിരുന്നു. അന്നേദിവസം വൈകീട്ട് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നതിനായി ആളുകള്‍ അവരുടെ ബാല്‍ക്കണിയില്‍ നിന്ന് കൈകൊട്ടിയും മറ്റും ശബ്ദമുണ്ടാക്കാനും മോദി രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനോട് പോരാടാന്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണ സംവിധാനമോ വ്യാപനാവസ്ഥയില്‍ പൊതു ചികിത്സാ സംവിധാനങ്ങളോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പിപിഇ) ശേഖരം സൃഷ്ടിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, മാസ്‌കുകള്‍, വസ്ത്രങ്ങള്‍, കയ്യുറകള്‍ തുടങ്ങിയ അടിസ്ഥാന സാധനങ്ങളുടെ വിതരണത്തില്‍വരെ തടസ്സമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് കഴിഞ്ഞ രണ്ട് മാസങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അതേസമയം, ഈ മുന്നറിയിപ്പും ലഭിച്ച് മൂന്നാഴ്ച കഴിഞ്ഞാണ് ആഭ്യന്തരമായി നിര്‍മ്മിക്കുന്ന പിപിഇ കിറ്റുകളുടെ കയറ്റുമതിയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധന വിജ്ഞാപനം പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ചൈനയില്‍ കൊറോണ വൈറസിന്റെ സമൂഹ്യവ്യാപനം റിപ്പോര്‍ട്ട് ചെയ്തതോടെ ഫെബ്രുവരി 27-നാണ് ലോകാരോഗ്യ സംഘടന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നത്. ”വ്യക്തിഗത സംരക്ഷണ ഉപകരണങ്ങ(പിപിഇ)ളുടെ നിലവിലെ ആഗോള ശേഖരം അപര്യാപ്തമാണെന്നും, പ്രത്യേകിച്ചും മെഡിക്കല്‍ മാസ്‌കുകള്‍ക്കും റെസ്പിറേറ്ററുകള്‍ക്കും, ഗ്ലൗണുകളുടെയും ഗോഗ്ലുകളുടെയും വിതരണവും അപര്യാപ്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ്19 കേസുകളുടെ എണ്ണം കൊണ്ടും തെറ്റായ വിവരങ്ങളും പരിഭ്രാന്തിയും മൂലം ആഗോള ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതായും സ്റ്റോക്ക്‌പൈലിംഗ് വരുമ്പോള്‍ ആഗോളതലത്തില്‍ പിപിഇയുടെ കുറവിന് കാരണമാകും. ‘ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വിവരിച്ചിരുന്നു.
എന്നിട്ടും, ആഭ്യന്തരമായി നിര്‍മ്മിക്കുന്ന പിപിഇകളും അസംസ്‌കൃത വസ്തുക്കളും കയറ്റുമതി ചെയ്യുന്നത് നിരോധിക്കുന്ന വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മാര്‍ച്ച് 19 വരെ കാത്തിരുന്നു.

അതേസമയം, കോവിഡ് -19 തടയുന്നതിനും നിയന്ത്രിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനായി പൊതുജനാരോഗ്യ വിദഗ്ധരുടെ ഉന്നതതല സാങ്കേതിക സമിതി രൂപീകരിച്ചതായി റിപ്പോര്‍ട്ട്. നീതി ആയോഗ് അംഗം ഡോ.വി കെ പോള്‍ നേതൃത്വം നല്‍കുന്ന 21 അംഗ സമിതിയാണ് രൂപീകരിച്ചത്.

അതിനിടെ, 2020 ലെ ധനകാര്യ ബില്‍ പാസാക്കിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ലോക്‌സഭ നീട്ടിവെച്ചു.