ഐ.എസ്.എല്‍; നോര്‍ത്ത് ഈസ്റ്റിനെ സമനിലയില്‍ തളച്ച് മുംബൈ


ഗുവാഹത്തി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയില്‍ തളച്ച് മുംബൈ എഫ്‌സി. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയിലായിരുന്നു എല്ലാ ഗോളുകളും. കളിയുടെ ഒമ്പതാം മിനിറ്റില്‍ പനാഗോയിറ്റിസ് ട്രിയാഡിസിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 23ാം മിനിറ്റില്‍ അമിനെ ചെര്‍മിതിയിലൂടെ മുംബൈ സമനില പിടിച്ചു.

32ാം മിനിറ്റില്‍ ചെര്‍മിതിയിലൂടെ ലീഡെടുത്ത് മുംബൈ നോര്‍ത്ത് ഈസ്റ്റിനെ ഞെട്ടിച്ചു. 42ാം മിനിറ്റില്‍ അസമാവോ ഗ്യാനിലൂടെ നോര്‍ത്ത് ഈസ്റ്റ് സമനില വീണ്ടെടുത്തു. രണ്ടാം പകുതിയില്‍ വിജയഗോളിനായുള്ള നോര്‍ത്ത് ഈസ്റ്റിന്റെ ശ്രമങ്ങള്‍ മുംബൈ പ്രതിരോധത്തില്‍ തട്ടി മടങ്ങി. രണ്ടാം പകുതിയിലും കൂടുതല്‍ ആക്രമിച്ചു കളിച്ചത് മുംബൈ ആയിരുന്നു. പലവട്ടം ഗോളിന് അടുത്തെത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മ അവര്‍ക്ക് വിനയായി.

അന്ത്യനിമിഷങ്ങളില്‍ ലീഡെടുക്കാനുള്ള സുവര്‍ണാവസരം നോര്‍ത്ത് ഈസ്റ്റിന്റെ അമരീന്ദര്‍ സിംഗ് നഷ്ടമാക്കുകയും ചെയ്തതോടെ ഇരു ടീമും സമനിലയോടെ പിരിഞ്ഞു. അഞ്ച് കളികളില്‍ ഒമ്പത് പോയന്റുമായി നാലാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്. അഞ്ച് കളികളില്‍ അഞ്ച് പോയന്റുള്ള മുംബൈ ആകട്ടെ ഏഴാം സ്ഥാനത്താണ്.