കൊല്‍ക്കത്ത: സ്വന്തം മണ്ണില്‍ ബെംഗളുരു എഫ്സിയോട് കണക്കുതീര്‍ത്ത് എ ടി കെ ഐഎസ്എല്‍ ഫൈനലില്‍ കടന്നു. അവസാന പാദ സെമിഫൈനലില്‍ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കിയാണ് കൊല്‍ക്കത്ത കലാശക്കളിയില്‍ ചെന്നൈയിന്റെ എതിരാളികളായെത്തുന്നത്. ആദ്യ പാദ സെമിഫൈനലില്‍ ഏകപക്ഷീയമായ ഒരുഗോളിന് വിജയിച്ച ബെംഗളുരു എഫ്സിയെ അസ്ത്രപ്രജ്ഞരാക്കുന്ന പോരാട്ടമാണ് കൊല്‍ക്കത്ത രണ്ടാം പാദത്തില്‍ പുറത്തെടുത്തത്.
ഓസ്ട്രേലിയന്‍ താരം ഡേവിഡ് വില്യംസാണ് കൊല്‍ക്കത്തയ്ക്ക് വിജയവഴിയും കലാശക്കളിക്കുള്ള ടിക്കറ്റും നേടികൊടുത്തത്. ഡേവിഡ് വില്യംസ് ഇരട്ടഗോളുമായി കളം നിറഞ്ഞപ്പോള്‍ റോയ് കൃഷ്ണയും വലകുലുക്കി. ഇരുപാദങ്ങളിലുമായി 3–2ന്റെ ലീഡു നേടിയാണ് കൊല്‍ക്കത്ത കലാശക്കളിക്ക് ഇടംകണ്ടെത്തിയത്.
നേരത്തെ ഗോവയെ തോല്പിച്ചാണ് ചെന്നൈയിന് ഫൈനലിലേക്ക് മുന്നേറിയത്. ഇരു പാദങ്ങളിലുമായി 65നാണ് ചെന്നൈയിന് ജയിച്ചത്. രണ്ടാംപാദ സെമിയില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജയിച്ചെങ്കിലും ഗോവ പുറത്താവുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ചെന്നൈയിന് ഐഎസ്എല്‍ ഫൈനലില്‍ കടക്കുന്നത്. കൊല്‍ക്കത്തയാകട്ടെ രണ്ട് കിരീടം നേടിയിട്ടുണ്ട്.