ബ്ലാസ്റ്റേഴ്‌സ് ഗോവക്കെതിരെ; ഹ്യൂമും സംഘവും കലിപ്പടക്കുമോ

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്, എഫ്.സി. ഗോവയെ നേരിടും. ഗോവയില്‍ ആദ്യ മത്സരത്തില്‍ ഏറ്റ തോല്‍വിക്ക് സ്വന്തം ഗ്രൗണ്ടില്‍ കണക്കു തീര്‍ക്കാനൊരുങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. ഫെറാന്‍ കൊറോമിനാസിന്റെ ഹാട്രിക് അടക്കം അഞ്ച് ഗോളുകള്‍ ഗോവ അടിച്ചു കൂട്ടിയ മത്സരത്തില്‍ 2-5നായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം തുടക്കമായിരുന്നു ഗോവയിലേത്. റെനെ മ്യൂലെന്‍സ്റ്റീന്റെ കീഴില്‍ ആദ്യ എഴ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഒരു മത്സരത്തില്‍ മാത്രമെ കേരള ബ്ലാസ്‌റ്റേഴ്‌സിനു ജയിക്കാന്‍ കഴിഞ്ഞുള്ളു. മ്യൂലെന്‍സ്റ്റീനു അതോടെ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും പോകേണ്ടി വന്നു. തുടര്‍ന്നു ആദ്യ സീസണില്‍ ടീമിന്റെ പരിശീലകനായിരുന്ന ഡേവിഡ് ജെയിംസ് എത്തി. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ നിന്നും എഴ് പോയിന്റ് നേടിക്കൊടുക്കാന്‍ ഡേവിഡ് ജെയിംസിനു കഴിഞ്ഞു.

‘കഴിഞ്ഞ കളിയിലെ അതേ കളിക്കാര്‍ തന്നെയാണ് ഇപ്പോഴും ടീമില്‍. എന്നാല്‍ ടീം ഇപ്പോള്‍ ആകെ മാറിയിരിക്കുന്നു. ഇന്ത്യ മുഴുവനും കഴിഞ്ഞ ഏതാനും ദിവസം കൊണ്ടു ഒന്നു ചുറ്റിയടിച്ചു. എനിക്ക് വളരെ ആഹ്ലാദം തോന്നി. തോല്‍വിയെ പോലും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഒട്ടേറെ ഗുണകരമായ വശങ്ങള്‍ അതിലും കാണാന്‍ കഴിഞ്ഞു’ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞു.

എന്നാല്‍ ഗോവയ്ക്ക് എതിരെ ഇന്ന് നടക്കുന്ന മത്സരം അത്ര എളുപ്പമാകില്ല. സ്പാനിഷ് മുന്‍ നിര താരങ്ങളായ ഫെറാന്‍ കൊറോമിനാസും മാനുവല്‍ ലാന്‍സറോട്ടിയും അത്യുജ്ജ്വല ഫോമിലാണ്. എതിരാളികുടെ മികവിനെ സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിലൂടെ ലഭിക്കുന്ന പിന്തുണയില്‍ മറികടക്കാമെന്നാണ് ഡേവിഡ് ജെയിംസിന്റെ പ്രതീക്ഷ.ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എഫ്.സി ഗോവ 16 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഇതിനകം അഞ്ച് മത്സരങ്ങളില്‍ ജയിക്കാന്‍ കഴിഞ്ഞു. ഒരു സമനിലയും മൂന്നു തോല്‍വികളും ഇതോടൊപ്പമുണ്ട്. 22 ഗോളുകള്‍ അടിച്ചു. 16 ഗോളുകള്‍ വഴങ്ങി. നോര്‍ത്ത് ഈസ്റ്റിനോട് അപ്രതീക്ഷിതമായി 12നു തോറ്റ ഗോവ, കഴിഞ്ഞ മത്സരത്തില്‍ ജാംഷെഡ്പൂരിനെ 21നു തോല്‍്പ്പിച്ചു.

ഗോളുകളുടെ കാര്യത്തില്‍ യാതൊരു പിശുക്കും കാട്ടാത്ത ഗോവയുടെ ആക്രമണ ശൈലിയില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നു കോച്ച് ലൊബേറോ പറഞ്ഞു.കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനകം 11 മത്സരങ്ങള്‍ പിന്നിട്ടു. മൂന്നു മത്സരങ്ങളില്‍ ജയിച്ചു. മൂന്നു മത്സരങ്ങളില്‍ തോറ്റു. അഞ്ച് മത്സരങ്ങളില്‍ സമനില സമ്മതിച്ചു. മൊത്തം 14 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ആറാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ജാംഷെഡ്പൂരിനോട് തോറ്റതിനാല്‍ ഇന്ന് ജയിക്കേണ്ട്ത് ബ്ലാസ്റ്റേഴ്‌സിന് അനിവാര്യമാണ്.

SHARE