ജാംഷഡ്പ്പൂരിന് സമനില; ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ

മുംബൈ: കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍താരം മുഹമ്മദ് റാഫിയുടെ തല ജാംഷഡ്പ്പൂരിന് വില്ലനായപ്പോള്‍ കേരളാ ക്യാമ്പില്‍ പ്രതീക്ഷകള്‍ സജീവം. സ്വന്തം മൈതാനിയില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി ജാംഷെഡ്പൂരിനെ സമനിലയില്‍ തളച്ചപ്പോള്‍ ആ നേട്ടം കേരളത്തിനാണ്. ജാംഷഡ്പ്പൂര്‍ അവരുടെ ശേഷിക്കുന്ന എല്ലാ മല്‍സരങ്ങളും ജയിച്ചാല്‍ കേരളത്തിന്റെ വാതിലുകള്‍ അടയുമെന്നിരിക്കെ ഈ സമനില ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പിന് ആശ്വാസമാണ്.

ഇരു ടീമുകളും ഇരു പകുതികളിലായി ഓരോ ഗോളടിച്ച് ഓരോ പോയിന്റ് പങ്കിടുകയായിരുന്നു. 32ാം മിനുട്ടില്‍ വില്ലിങ്ടണ്‍ പ്രിയോറിലൂടെ ജാംഷെഡ്പൂരാണ് മുന്നിലെത്തിയത്. കളിയവസാനിക്കാന്‍ രണ്ട് മിനുട്ട് ബാക്കി നില്‍ക്കെ മലയാളിയായ മുഹമ്മദ് റാഫിയിലൂടെ ചെന്നൈ ഗോള്‍ മടക്കി. പ്ലേ ഓഫിലേക്ക് കടക്കാന്‍ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ കഴിയാത്ത ജാംഷെഡ്പൂര്‍ തണുത്ത മട്ടിലാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് ചെന്നൈയുടെ പ്രതിരോധവും അവരും തമ്മിലുള്ള മത്സരമാണ് കണ്ടത്. സ്വന്തം മണ്ണില്‍ ഏറെ ആരാധകരുടെ പിന്തുണയുണ്ടായിട്ടും ചെന്നൈ ടീമിന് ഉത്സാഹം കുറവായിരുന്നു.

32ാം മിനുട്ടിലാണ് ജാംഷെഡ്പൂരിന്റെ മിന്നുന്ന ഗോള്‍ പിറന്നത്. ഫ്രീ കിക്കില്‍ നിന്നും ചെന്നൈ ബോക്‌സിലെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ വരുത്തിയ പിഴവാണ്് ഗോള്‍ വഴങ്ങേണ്ടി വന്നത്. ബോക്‌സിന് പുറത്ത് വന്ന പന്ത് പിടിച്ചെടുത്ത ജാംഷെഡ്പൂരിന്റെ ബ്രസീലിയന്‍ താരം വില്ലിങ്ടണ്‍ പ്രിയോറിന്റെ വോളി ചെന്നൈയുടെ വല കുലുക്കി. ചെന്നൈ ഗോളി കരണ്‍ജിത് സിങ്ങിന് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. കളിയുടെ അവസാനം വരെ ഈ ഗോളിന്റെ ബലത്തില്‍ വിജയമുറപ്പിക്കാമെന്ന കോച്ച് കോപ്പലിന്റെ സ്വപ്‌നമാണ് മുഹമ്മദ് റാഫി തകര്‍ത്തത്.

78ാം മിനുട്ടില്‍ ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസിന് പകരക്കാരനായിറങ്ങിയ റാഫി തന്റെ തല അപകടമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. റെനെ മിഹലിക് എടുത്ത കോര്‍ണറാണ് റാഫിയുടെ തല ഗോളിലേക്ക് വഴികാട്ടിയത്. ഗോളി സുബ്രതാ പോള്‍ സ്ഥാനത്ത് നിന്ന് മാറിയ തക്കം നോക്കി പ്രതിരോധത്തിലെ രാജു യുമ്‌നാന്റെ മുകളിലൂടെ റാഫി പന്തിനെ വലയിലാക്കി. 25ാം മിനുട്ടില്‍ തന്നെ ജാംഷെഡ്പൂര്‍ നല്ലൊരവസരം കളഞ്ഞിരുന്നു. ജെറി മെഹ്മിതങ്ങാ നല്‍കിയ ക്രോസില്‍ ഫാറൂഖ് ചൗധരി തല വെച്ചത് നേരെ പുറത്തേക്കാണ് പോയത്. ചെന്നൈയിന്‍ എഫ്.സി. ചില ലോങ് റേഞ്ച് പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടുമില്ല. ഒരു ഗോള്‍ കൂടി അടിച്ച് വിജയം സ്വന്തമാക്കാന്‍ അവസാന മിനുട്ടുകളില്‍ നല്ലപോലെ പൊരുതിയെങ്കിലും രണ്ട് ടീമുകള്‍ക്കും അതിന് കഴിഞ്ഞില്ല. 16 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റുള്ള ചെന്നൈയിന്‍ എഫ്.സി. ഇപ്പോള്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളില്‍ നിന്ന് 26 പോയിന്റുമായി തൊട്ടു താഴെയാണ് ജാംഷെഡ്പൂരിന്റെ സ്ഥാനം.