ഐ.എസ്.എല്‍ ആറാം സീസണിന് നാളെ കൊച്ചിയില്‍ വര്‍ണാഭമായ തുടക്കം; മുഖ്യ അവതാരകനായി ദുല്‍ഖര്‍, മാറ്റുകൂട്ടാന്‍ ടൈഗര്‍ ഷറഫും ദിഷയും

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാമത് സീസണിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നാളെ കിക്കോഫ്. ഹോംഗ്രൗണ്ടില്‍ അമര്‍തൊമര്‍ കൊല്‍ക്കത്തക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെയും ഐ.എസ്.എല്‍ ആറാം സീസണിന്റെയും ഉദ്ഘാടന മത്സരം. രണ്ടുവട്ടം കപ്പിനും ചുണ്ടിനുമിടയില്‍ കൈവിട്ടു പോയ ചാമ്പ്യന്‍ പട്ടം തിരിച്ചുപിടിക്കുക എന്നതില്‍ കവിഞ്ഞൊരു ലക്ഷ്യമില്ല ബ്ലാസ്റ്റേഴ്‌സിന്. അതേസമയം രണ്ടു തവണ കിരീടം ചൂടിയ കൊല്‍ക്കത്തയാണ് മറുപുറത്ത് കളിക്കുന്നത്. സൂപ്പര്‍ കോച്ച് എല്‍കോ ഷെറ്റോറി മെനയുന്ന തന്ത്രങ്ങളിലാണ് കേരളത്തിന്റെ പ്രതീക്ഷ. ഒഗ്‌ബെച്ച, സിഡോഞ്ച, റാഫേല്‍ മെസ്സി, മുഹമ്മദ് റാഫി, മുഹമ്മദ് റാഫി, ജിയോനി സുവര്‍ലൂന്‍, സഹല്‍ അബ്ദുസ്സമദ്, കെ.പി രാഹുല്‍ എന്നിവരടങ്ങുന്ന നിര കടലാസില്‍ കരുത്തരാണ്.

കൊച്ചിയില്‍ വൈകീട്ട് ആറുമണിക്ക് തുടങ്ങുന്ന വര്‍ണാഭമായ പരിപാടിയുടെ മുഖ്യ അവതാരകന്റെ റോളില്‍ മലയാളി യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ടൈഗര്‍ ഷെറഫും ദിഷാ പടാനിയും ചടങ്ങിന് മാറ്റ് കൂട്ടാനുണ്ടാവും. ഇരുവരുടെയും പെര്‍ഫോമന്‍സുകളും ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കും. പ്രശ്‌സ്ത ഇന്ത്യന്‍ ഡാന്‍സ് ഗ്രൂപ്പായ കിങ്‌സിന്റെ പ്രകടനങ്ങളും നടക്കും.

വിലക്ക് തുടരുന്ന അനസ് എടത്തൊടികയും ജോബി ജസ്റ്റിനും ഇന്ന് എടികെയ്ക്ക് വേണ്ടി കളിക്കില്ല. ഐ.എസ്.എല്‍ കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് താരമായ അനസിന് ഹീറോ കപ്പില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. ഐ ലീഗിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ജോബി ജസ്റ്റിന് ആറു മല്‍സരത്തില്‍ നിന്നാണ് വിലക്ക് ലഭിച്ചത്.

SHARE