കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ പരിശീലനം സ്‌പെയിനില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന ക്യാമ്പ് ഉടന്‍ തുടങ്ങുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഉടമകളിലൊരാളായ പ്രസാദ് പൊട്ട്‌ലൂരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയായിരിക്കും ആദ്യഘട്ട ക്യാമ്പ്. ലീഗിന് മുമ്പായി വിദേശ താരങ്ങള്‍ ടീമിനൊപ്പം ചേരും. ക്ലബ് രാജാക്കന്മാരായ റയല്‍ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടേയും നാടായ സ്‌പെയിനിലായിരിക്കും ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ വിദേശ പരിശീലനം. കൊച്ചി അണ്ടര്‍-17 ലോകകപ്പ് വേദിയായതിനാല്‍ പരിശീലനത്തിനായി കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്നും അണ്ടര്‍-17 ലോകകപ്പിന് ശേഷം പരിശീലന ഗ്രൗണ്ടുകള്‍ വിട്ടുകിട്ടാന്‍ ശ്രമിക്കുമെന്നും പ്രസാദ് പറഞ്ഞു.

ഐ.എസ്.എല്‍ മൂന്നു സീസണുകള്‍ കഴിഞ്ഞെങ്കിലും ടീം മാനേജ്‌മെന്റിന് ഇതുവരെ ലാഭമുണ്ടാക്കാനായിട്ടില്ല, ലാഭമോ നഷ്ടമോ ഇല്ലാത്ത സാഹചര്യം വരാന്‍ പോലും ഇനിയും അഞ്ചു വര്‍ഷത്തോളമെങ്കിലും എടുക്കും. എങ്കിലും ഫുട്‌ബോളിന്റെ വികസനത്തിനായി കൂടുതല്‍ പണം ചെലവഴിക്കാന്‍ ടീം ഉടമകള്‍ സന്നദ്ധരാണ്. കേരളത്തിലെ ഗ്രാസ്‌റൂട്ട് പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. മുഖ്യ പരിശീലകന്‍ റെനി മ്യൂളസ്റ്റീനിന് മാഞ്ചസ്റ്റര്‍ പോലുള്ള ക്ലബ്ബുമായുള്ള ബന്ധമാണ് ഇത്തവണ ടീം തെരഞ്ഞെടുപ്പ് സുഗമമാക്കിയത്. പരിചയ സമ്പത്തും യുവത്വവും സമന്വയിപ്പിച്ചുള്ള ടീമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അതാണ് ഇത്തവണ യാഥാര്‍ഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.