താരമായി ഇഷാന്‍ കിഷന്‍ ; കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ സ്വന്തമാക്കിയത് മൂന്നു റെക്കോര്‍ഡുകള്‍

മുംബൈ : ഈഡന്‍ ഗാര്‍ഡനില്‍ കൊല്‍ക്കത്തക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവെച്ച മുംബൈയുടെ യുവതാരം ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത് മൂന്നു റെക്കോര്‍ഡുകള്‍. നിര്‍ണായക മത്സരത്തില്‍ 21 പന്തില്‍ 62 റണ്‍സുമായി തിളങ്ങിയ പതൊമ്പതുകാരന്‍ മുംബൈ ഇന്ത്യന്‍സിന് 102 റണ്‍സിന്റെ കൂറ്റന്‍ വിജയം സമ്മാനിക്കുന്നതില്‍ പ്രധാനിയായി.

17 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ ഐ.പി.എല്‍ ചരിത്രത്തില്‍ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി നേടുന്ന താരമായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം സുനില്‍ നരെയ്‌നൊപ്പമാണ് ഇഷാന്‍ ഈ പട്ടികയില്‍.14 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ കെഎല്‍ രാഹുലിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. മുംബൈ ഇന്ത്യന്‍സിനായി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഇന്നലെ സ്വന്തമാക്കിയ മറ്റൊരു നേട്ടം. കൂടാതെ ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി കുറിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും പതൊമ്പതുകാരന്‍ സ്വന്തമാക്കി.

നായകന്‍ രോഹിത് ശര്‍മ ആക്രച്ചുകളിക്കാന്‍ ബുദ്ധിമുട്ടിയതോടെ തുടക്കത്തില്‍ ശ്രദ്ധിച്ചു കളിച്ച കിഷന്‍ കുല്‍ദീപ് യാദവ് എറിഞ്ഞ പതിനാലാം ഓവറിലാണ് തന്റെ ബാറ്റിങ് ടോപ് ഗിയറിലേക്ക് മാറ്റിയത്. ഓവറിന്റെ മൂന്നാം പന്തുമുതല്‍ തുടര്‍ച്ചയായി നാലു സിക്സറുകളാണ് ഈ ഓവറില്‍ പിറന്നത്. അഞ്ചു ഫോറും ആറു സിക്‌സും പറത്തിയ കിഷനെ ഒടുവില്‍ സുനില്‍ നരേയ്‌നെ തുടരെ സിക്‌സു പായിക്കാനുള്ള ശ്രമത്തിനിടെ ബൗണ്ടറി ലൈനിനരികില്‍ റോബിന്‍ ഉത്തപ്പ പിടികൂടുകയായിരുന്നു. സീസണില്‍ മൂന്നാം അര്‍ധ സെഞ്ച്വറിയാണ് കിഷന്‍ ഇന്നലെ സ്വന്തമാക്കിയത്.