കോഹ്‌ലി സിനിമയിലേക്കോ..? ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി സിനിമയിലേക്കോ? സമൂഹമാധ്യമങ്ങളിളെ കോഹ്‌ലി ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം ഇപ്പോളിതാണ്. കോഹ്‌ലിയുടെ ഒരു ട്വീറ്റ് തന്നെയാണ് ഈ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.

‘ട്രെയിലര്‍ ദ മൂവി’ എന്ന പേരില്‍ കോഹ്‌ലി ഇന്ന് ട്വിറ്ററിലിട്ട ഒരു പോസ്റ്ററാണ് സിനിമാ പ്രവേശമെന്ന സംശയത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 29നാണ് ‘ട്രെയിലര്‍ ദ മൂവി’യുടെ റിലീസെന്നും പോസ്റ്ററിലുണ്ട്. 10 വര്‍ഷത്തിന് ശേഷം മറ്റൊരു അരങ്ങേറ്റമെന്നും കോഹ്‌ലി പോസ്റ്ററിന് താഴെ കുറിച്ചിട്ടുണ്ട്. ട്വീറ്റിനൊപ്പം ഒരു വെബ്‌സൈറ്റിന്റെ ലിങ്കും നല്‍കിയിരുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റില്‍ പോകുമ്പോള്‍ കാണുന്നത് 28.09.18 എന്നെഴുതിയിരിക്കുന്നതാണ്. ബാക്ക്ഗ്രൗണ്ടില്‍ തോക്കേന്തി നില്‍ക്കുന്ന കോഹ്‌ലിയുടെ ചിത്രവുമുണ്ട്.

 

പോസ്റ്റര്‍ കണ്ടതോടെ ആരാധകരെല്ലാം കണ്‍ഫ്യൂഷനിലാണ്. കോഹ്‌ലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ്മ ബോളിവുഡ് നടിയാണ്. ഭാര്യയെപ്പോലെ കോഹ്‌ലിയും ബോളിവുഡില്‍ ഒരു കൈ നോക്കാന്‍ ഒരുങ്ങുകയാണോ എന്നാണ് ആരാധകരുടെ സംശയം. നിരവധി പരസ്യ ചിത്രങ്ങളില്‍ കോഹ്‌ലി ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

അതേസമയം വ്രോഗന്‍ ബ്രാന്‍ഡിന്റെ വസ്ത്രം ധരിച്ചു നില്‍ക്കുന്ന കോഹ്‌ലിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. കോഹ്‌ലിക്ക് നിക്ഷേപമുള്ള ബ്രാന്‍ഡാണിത്. അതിനാല്‍ കമ്പനിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരസ്യമാകാം എന്നാണ് ചിലരുടെ നിഗമനം. എന്തായാലും കോഹ്‌ലിയുടെ സര്‍പ്രൈസ് എന്താകുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

മത്സരാധിക്യത്തെ തുടര്‍ന്ന് ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന്് കോഹ്‌ലിയെ ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ വിശ്രമത്തിലാണ് താരം.

 

SHARE