ചെങ്കോട്ട പരിപാലനം സ്വകാര്യ കമ്പനിക്ക്; കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ ചെങ്കോട്ടയുടെ പരിപാലനം സ്വകാര്യ കമ്പനിക്ക് കൈമാറിയതിനെതിരെ വ്യാപക പ്രതിഷേധം. രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും ഉള്‍ക്കൊള്ളുന്ന സ്മാരകങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ വിട്ടുകൊടുക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നത്. മോദി സര്‍ക്കാരിന്റെ നടപടിയെ കടുത്തഭാഷയില്‍ വിമര്‍ശിച്ചു കോണ്‍ഗ്രസും രംഗത്തെത്തി.

മോദി സര്‍ക്കാര്‍ അടുത്തതായി പാട്ടത്തിന് കൊടുക്കുന്ന സ്ഥാപനമേതെന്ന് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ ചോദിച്ചു. ഇക്കാര്യം ചോദിച്ചുകൊണ്ട് ട്വിറ്ററില്‍ അഭിപ്രായ വോട്ടെടുപ്പും പാര്‍ട്ടി നടത്തുന്നുണ്ട്. പാര്‍ലമെന്റ്, ലോക് കല്യാണ്‍ മാര്‍ഗ്, സുപ്രീംകോടതി തുടങ്ങി നാല് ഓപ്ഷനുകളാണ് കൊടുത്തിരിക്കുന്നത്. അതേസമയം നടപടിയെ ന്യായീകരിച്ച് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തി. സുപ്രധാനമായ ചുവടുവെപ്പാണിതെന്നും ചരിത്ര സ്മാരകങ്ങളുടെ നവീകരണത്തിനും ഭംഗിയായുള്ള നടത്തിപിനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൂടെയെന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല.