മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് മുന്‍ ഇന്ത്യന്‍ ഓള് റൗണ്ടര്‍ ഇര്ഫാന് പത്താന്. സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേക്ഷണം ചെയ്ത പ്രത്യേക തത്സമയ പരിപാടിയിലാണ് ക്രിക്കറ്റിന്റെ എല്ലാതരം ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതായുള്ള തീരുമാനം ഇര്ഫാന് പത്താന് അറിയിച്ചത്.
ഒമ്പതു വര്‍ഷം നീണ്ട കരിയറില്‍ ഇന്ത്യയ്ക്കായി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് ഇര്ഫാന്.
കപില്‍ ദേവിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ഒരു ആള്റൗണ്ടരെ തിരയുന്ന കാലാത്ത് 2003 ല്‍ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലായിരുന്നു പത്താന്റെ ടെസ്റ്റ് അരങ്ങേറ്റം. അന്നത്തെ 19 കാരനെ പിന്നീട് സ്വിങ്ങുകളുടെ രാജകുമാരനാവുകയായിരുന്നു. വശ്യമനോഹരമായ സ്വിങ്ങുകള്‍ക്കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു ഈ ഇടംകയ്യന്‍ മീഡിയം പേസര്‍. പ്രതാപകാലത്ത് പാക് ഇതിഹാസ താരം വസീം അക്രവുമായാണ് ഇര്ഫാന് പത്താന് താരതമ്യം ചെയ്യപ്പെട്ടത്. കരിയറിൻെറ തുടക്കത്തിൽ ഏറെ പ്രതീക്ഷ സമ്മാനിച്ച താരം പിന്നീട് സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കാൻ സാധിക്കാതെ ടീമിൽ നിന്ന് പുറത്താവുകയായിരുന്നു.
2012 ഒക്ടോബറില്‍ ഇന്ത്യന്‍ ജെഴ്സിയില്‍ അവസാന മത്സരം കളിച്ച മുപ്പത്തിയഞ്ചുകാരന് കഴിഞ്ഞ ഏഴു വര്‍ഷമായി ഇന്ത്യന്‍ ടീമിന് പുറത്താണ്.
2006 ലെ കറാച്ചി ടെസ്റ്റില്‍ ആദ്യ ദിനം ആദ്യ ഓവറില്‍ ത്രസിപ്പിക്കുന്ന ഹാട്രിക്ക് കുറിച്ചതാണ് താരത്തിന്റെ കരിയറിലെ ചരിത്ര മുഹൂര്‍ത്തങ്ങളിലൊന്ന്. അന്നത്തെ ആദ്യ ഓവറില്‍ സല്മാന് ബട്ട്, യൂനിസ് ഖാന്, മുഹമ്മദ് യൂസഫ് എന്നിവരെ പത്താന് പറഞ്ഞയക്കുമ്പോള്‍ പാകിസ്താന്റെ നില മൂന്നു വിക്കറ്റിന് പൂജ്യം റണ്‍സായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ കൃത്യം നൂറു വിക്കറ്റുകളുണ്ട് പത്താന്റെ പേരില്‍. ഏകദിനത്തില്‍ 173 വിക്കറ്റുകളും ട്വന്റി-20 -യില്‍ 28 വിക്കറ്റുകളും ഇദ്ദേഹം നേടി. 27 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തതാണ് ഇര്ഫാന് പത്താന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. ഏകദിനത്തില്‍ 23.39 ബാറ്റിങ് ശരാശരിയില്‍ 1544 റണ്‍സും ടെസ്റ്റില്‍ 31ന് മുകളില്‍ ശരാശരിയില്‍ 1105 റണ്‍സും ഓള് റൗണ്ടര്‍ അടിച്ചെടുത്തിട്ടുണ്ട്.
ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, റൈസിങ് പൂനെ സൂപ്പര്‍ജയന്റ്, സണ്‍റൈസേഴ്സ് ഹൈദരബാദ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി ഇര്ഫാന് കളിച്ചിട്ടുണ്ട്. 103 മത്സരങ്ങളില്‍ നിന്നും 80 വിക്കറ്റുകളാണ് ഐപിഎല്ലില്‍ ഇര്‍ഫാന്റെ സമ്പാദ്യം. നിലവില്‍ ജമ്മു കശ്മീര്‍ ടീമിന്റെ പരിശീലകനും മെന്‍ഡറുമാണ് പത്താന്. 2007ൽ പ്രഥമ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗമായിരുന്നു ഇര്ഫാന് പത്താന്.