ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ ഓര്‍മ്മയായി

മുംബൈ: അഭിനയത്തികവു കൊണ്ട് ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈ കോകിലബെന്‍ ധിരുഭായ് അംബാനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 54 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.

ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ എന്ന അപൂര്‍വ രോഗത്തിന് ഇര്‍ഫാന്‍ നേരത്തേ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് അടുത്തിടേയാണ് താരം അഭിനയരംഗത്ത് വീണ്ടും സജീവമായത്. കഴിഞ്ഞ കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇര്‍ഫാന്‍ ഖാന്റെ മാതാവ് സയീദ ബീഗം അന്തരിച്ചത്. ടോങ്കിലെ നവാബ് കുടുംബാംഗമാണ് കവയിത്രി കൂടിയായിരുന്ന സയീദ ബീഗം. ലോക്ക്ഡൗണ്‍ കാരണം ഇര്‍ഫാന്‍ ഖാന്‍ അവസാനമായി ഉമ്മയെ കാണാന്‍ സാധിച്ചിരുന്നില്ല. മാതാവ് ജയ്പൂരിലും ഇര്‍ഫാന്‍ മുംബൈയിലുമായിരുന്നു.

1966 ജനുവരി ഏഴിന് ജെയ്പൂരിലാണ് ജനനം. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയത്തില്‍ എം.എ എടുത്ത ശേഷമാണ് ഇര്‍ഫാന്‍ മുംബൈയിലെത്തിയത്. 1988ല്‍ മീര നായരുടെ സലാം ബോംബെയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. ഹാസില്‍, മഖ്്ബൂല്‍, ലൈഫ് ഇന്‍ എ മെട്രോ, പാന്‍ സിങ് തോമര്‍, ദ ലഞ്ച് ബോക്‌സ്, ഹൈദര്‍, പികു, തല്‍വാര്‍ തുടങ്ങിയ ഒരുപാട് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ദ നെയിംസേക്ക്, ദ ഡാര്‍ജിലിങ് ലിമിറ്റഡ്, സ്ലംഡോഗ് മില്യണയര്‍, ലൈഫ് ഓഫ് പൈ, ജുറാസിക് വേള്‍ഡ് തുടങ്ങിയ അന്താരാഷ്ട്ര പദ്ധതികളുടെയും ഭാഗമായി.

നടി സുതാപ സിക്ദറാണ് ഭാര്യ. രണ്ടു മക്കളുണ്ട്.