22 മുറികളുള്ള ഭീമന്‍ ‘പ്രേത ബംഗ്ലാവ്’ വില്‍പനക്ക് ; വില 21.65 കോടി രൂപ !

ആത്മാക്കള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന വീടുകളെക്കുറിച്ച് പല ടിവി പരിപാടികളിലും കണ്ടവരായിരിക്കും നമ്മള്‍. എന്നാല്‍ ആത്മാക്കള്‍ അലഞ്ഞ് നടക്കുന്ന ഒരു വീട് വില്‍പനയ്ക്കുണ്ട് അയര്‍ലന്‍ഡില്‍. ലോഫ്റ്റസ് ഹാള്‍ എന്ന് പേരുള്ള ഈ ബംഗ്ലാവ്, അയര്‍ലന്‍ഡിലെ ഭീതിജനകമായ താമസസ്ഥലം എന്നാണ് അറിയപ്പെടുന്നത്. 63 ഏക്കര്‍ സ്ഥലത്ത് 27,000 ചതുരശ്ര അടി വലുപ്പത്തിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനു വില നിശ്ചയിച്ചിരിക്കുന്നത് 2.89 മില്യന്‍ ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപ ഏകദേശം 21.65 കോടി. സ്വകാര്യ ബീച്ച് അടക്കമുള്ള സൗകര്യങ്ങളോടു കൂടിയതാണ് മനോഹരമായ ഈ വീട്.

വെക്‌സ്‌ഫോര്‍ഡ് പട്ടണത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഈ കെട്ടിടം, നൂറ്റാണ്ടുകളായി ഭയപ്പെടുത്തുന്ന നിരവധി കഥകളുടെ ഉറവിടമാണ്. നിലവിലെ ഉടമകളായ ഷെയ്‌നും ഐദാന്‍ ക്വിഗ്ലിയും 2011 ലാണ് ഇത് ഏറ്റെടുക്കുന്നത്. പിന്നീട് ഇവര്‍ അത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. പതിനെട്ടാം നൂറ്റാണ്ടില്‍ ടോട്ടന്‍ഹാം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ വീട്. ഇവിടെ ഒരു അപരിചിതന്റെ ആത്മാവിനെ കണ്ട് ഭയന്ന ലേഡി ആന്‍ ടോട്ടന്‍ഹാം മരിച്ചു പോയി എന്ന് പറയപ്പെടുന്നു. അവരുടെ ആത്മാവടക്കം രണ്ടു പ്രേതങ്ങള്‍ ഇവിടെ ഉണ്ടെന്നാണ് കഥ.

ദ് ലെജന്റ് ഓഫ് ലോഫ്റ്റസ് ഹാള്‍, ഗോസ്റ്റ് അഡ്വഞ്ചേഴ്‌സ് പോലുള്ള നിരവധി പ്രേതവേട്ട, യാത്രാ ഷോകളില്‍ ഈ വീട് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ‘ആര്‍ട്ടെമിസ് ഫൗള്‍’ പുസ്തക പരമ്പരയുടെ പ്രചോദനവും ഈ വീടാണെന്ന് പറയപ്പെടുന്നു. ആകെ 22 മുറികളാണ് ഈ വമ്പന്‍ വീട്ടില്‍ ഉള്ളത്.

SHARE