ഐ.ആര്‍.സി.ടി.സി അറുന്നൂറോളം കേറ്ററിങ് സൂപ്പര്‍വൈസര്‍മാരെ പിരിച്ചുവിട്ടു

കൊച്ചി: ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന അറുന്നൂറോളം കേറ്ററിങ് സൂപ്പര്‍വൈസര്‍മാരെ പിരിച്ചു വിട്ടു. ഇതില്‍ കേരളം ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയില്‍ നിന്നു 138 പേരുണ്ട്. ട്രെയിനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ജോലി ചെയ്തിരുന്ന സൂപ്പര്‍വൈസര്‍മാരെയാണു പിരിച്ചു വിട്ടത്.

പിരിച്ചുവിട്ടവരില്‍ മിക്കവരും ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരികളാണ്. ട്രെയിനുകളിലേയും സ്‌റ്റേഷന്‍ റസ്റ്ററന്റുകളിലേയും ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക, കേറ്ററിങുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുക എന്നിവയാണു സൂപ്പര്‍വൈസര്‍മാരുടെ ജോലി. കോവിഡിന്റെ പശ്ചാത്തലത്തില്‍ കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ആരെയും ജോലിയില്‍ നിന്നു പിരിച്ചു വിടരുതെന്നു തൊഴില്‍ മന്ത്രാലയം മാര്‍ച്ചില്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെയാണു റെയില്‍വേയുടെ കീഴിലുളള ഐ.ആര്‍.സി.ടി.സി ജീവനക്കാരെ പിരിച്ചു വിട്ടെന്നാണ് ആക്ഷേപം. ട്രെയിനുകളോടാത്ത സാഹചര്യത്തില്‍ കോര്‍പറേഷന് വരുമാനം കുറഞ്ഞതോടെയാണു കരാര്‍ ജീവനക്കാരെ ഒഴിവാക്കുന്നതെന്നാണു ന്യായീകരണം. പകരം സ്ഥിരം ജീവനക്കാരെ മാത്രം ഉപയോഗിക്കും.

SHARE