ഇറാഖില്‍ പരിഹാര നീക്കം; അബാദിയും സദ്‌റും കൈകോര്‍ക്കുന്നു

ബഗ്ദാദ്: ഇറാഖില്‍ ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയും ശിയ നേതാവ് മുഖ്തദ അല്‍ സദ്‌റും കൈകോര്‍ക്കുന്നു. നജഫ് പട്ടണത്തില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ഇരുവരും സഖ്യത്തെ പ്രഖ്യാപിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 54 സീറ്റുകള്‍ നേടിയ സദ്‌റിന്റെ സൈറൂന്‍ സഖ്യമാണ് മുന്നില്‍. 42 സീറ്റുകളുള്ള സദ്‌റിന്റെ സഖ്യം മൂന്നാം സ്ഥാനത്താണ്.

രണ്ടാം സ്ഥാനത്തുള്ള ഹാദി അല്‍ ആമിരിയുടെ സഖ്യവുമായുണ്ടാക്കിയ കൂട്ടുകെട്ടിനെക്കുറിച്ച് സദ്ര്‍ പ്രസ്താവനയില്‍ പരാമര്‍ശിച്ചില്ല. അബാദി-സദ്ര്‍ സഖ്യത്തോട് ആമിരിയുടെ ക്യാമ്പില്‍നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. സദ്‌റിന്റെ മറ്റ് സഖ്യങ്ങള്‍ക്ക് താനുമായുള്ള ബന്ധം കോട്ടമുണ്ടാക്കില്ലെന്ന് അബാദി വ്യക്തമാക്കി. സദ്‌റും അബാദിയും ഒന്നിക്കുന്നത് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തടസ്സങ്ങള്‍ നീക്കിയേക്കും.

ഇറാഖ് ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി പൊതുതത്വങ്ങളില്‍ ഐക്യപ്പെടാനും സര്‍ക്കാര്‍ രൂപീകരണം വേഗത്തിലാക്കുന്നതിന് വിഭാഗീയതയും വംശീയതയും മറികടന്ന് ഒരുമിക്കാനും തീരുമാനിച്ചതായി സദ്ര്‍ പറഞ്ഞു. അമേരിക്കന്‍ അധിനിവേശത്തിനെതിരെ സായുധ പോരാട്ടം നടത്തിയ സദ്ര്‍ ഇറാനുമായി സഖ്യമുള്ള ശിയാ പാര്‍ട്ടികളുടെ ശക്തനായ പ്രതിയോഗിയും പാവങ്ങളുടെ വക്താവുമായായാണ് അറിയപ്പെടുന്നത്.
ഇറാഖ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പങ്കാളിത്തമുള്ള ഭരണകൂടമായിരിക്കും നിലവില്‍ വരുന്നതെന്ന് അദ്ദേഹം അറിയിച്ചു. മെയ് 12ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകളുണ്ടായ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അബാദി ഭണകൂടം വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതായാലും പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഇനിയും ആഴ്ചകളോ മാസങ്ങളോ തുടരും.