ബഗ്ദാദ്: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജി പ്രഖ്യാപിച്ച ഇറാഖ് പ്രധാനമന്ത്രിയുടെ തീരുമാനത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.
ഇറാഖില്‍ 420ലേറെ പേര്‍ കൊല്ലപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയുടെ രാജിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കാന്‍ പ്രസിഡന്റ് ബര്‍ഹാം സാലിഹിനോട് അഭ്യര്‍ത്ഥിക്കുമെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ അറിയിച്ചു.
രാജിവെച്ചതൊടെ ബാഗ്ദാദില്‍ പ്രക്ഷോഭകര്‍ ആഹ്ലാദ പ്രകടനം നടത്തി. പ്രക്ഷോഭത്തിന്റെ ആദ്യം ഘട്ടം വിജയിച്ചെന്ന് സമരക്കാര്‍ പറഞ്ഞു. എന്നാല്‍ ഇറാഖ്് ഭരണത്തിലെ ഇറാന്റെ സ്വാധീനം അവസാനിപ്പിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് ഇറാഖിലെ ജനങ്ങള്‍ ഒക്ടോബര്‍ ആദ്യവാരം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും മൂലമാണ് പ്രതിസന്ധി രൂക്ഷമായതെന്ന് സമരക്കാര്‍ ആരോപിച്ചു. ഭരണഘടന പൊളിച്ചെഴുതി പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
അതിനിടെ തഹ്‌രീര്‍ സ്‌ക്വയറിലേക്ക് വിദ്യാര്‍ത്ഥികളുടെ കൂറ്റന്‍ മാര്‍ച്ച് നടന്നു. ഭരണകൂടത്തിന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ബഗ്ദാദില്‍നിന്ന് ആരംഭിച്ച പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമം നടത്തുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളിക്കുന്നതിന് തൊട്ടുമുമ്പ് ബഗ്ദാദില്‍ ഒരു ദിവസം മാത്രം ആറ് സമരക്കാര്‍ വെടിയേറ്റ് മരിച്ചിരുന്നു. പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജിച്ച ഇറാഖില്‍ ഒരാഴ്ചയ്ക്കിടെ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാഖിലെ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടുന്ന ഇറാനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രക്ഷോഭകര്‍ ഇറാന്റെ രണ്ട് കോണ്‍സുലേറ്റുകള്‍ക്ക് തീവെച്ചിരുന്നു.
പ്രക്ഷോഭം തുടരുന്ന ഇറാഖില്‍ 77കാരനായ ആദില്‍ അബ്ദുള്‍ മഹ്ദി എന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതം ഏതാണ്ട് അവസാനിച്ചു. രണ്ട് മാസമായി രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലായ തുടരുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കെ 2019 നംവംബര്‍ 29നാണ് രാജിവെക്കുമെന്ന് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തുനിന്നുള്ള മഹ്ദിയുടെ രാജി ഇറാഖി പാര്‍ലമെന്റ് ഇന്നലെ അംഗീകരിച്ചതോടെ മറ്റൊരു രാഷ്ട്രീയമാറ്റമാണ് ഇറാഖ് ഉറ്റുനോക്കുന്നത്. പുതിയ ഭരണകൂടം വരുന്നതുവരെ നിലവിലുള്ള ഭരണകൂടത്തെ കാവല്‍മന്ത്രിസഭയായി നിലനിര്‍ത്തി.
2018 ഒക്ടോബറിലാണ് മഹ്ദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. ഒരു തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിന്റെ ഒടുവില്‍ ഒത്തുതീര്‍പ്പ് നായകനായി ആയിരുന്നു മഹ്ദിയുടെ സ്ഥാനാരോഹണം. രാജ്യത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തും എന്ന വാഗ്ദാനം അധികാരത്തിലെത്തുമ്പോള്‍ മഹദി നല്‍കി. പക്ഷെ, അതിന് കൂടുതല്‍ സമയം വേണമെന്നതായിരുന്നു ആവശ്യം. അസ്വസ്ഥരായ ജനങ്ങള്‍ ആ സാവകാശം കൊടുത്തില്ല. ഒരുകൊല്ലം പിടിച്ചുനില്‍ക്കാനെ മഹ്ദിക്കായുള്ളൂ. ദൗത്യം പരാജയപ്പെട്ട് മഹ്ദി പടിയിറങ്ങി. ഇറാഖില്‍ പുതിയ നേതൃത്വം വരുന്നതിനായി അധികാരം ഒഴിയുകയാണെന്ന് എഴുതി തയാറാക്കി നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയാണ് ആദില്‍ അബ്ദുള്‍ മഹദി രാജി പ്രഖ്യാപിച്ചത്.