സുലൈമാനിയെ ഖബറടക്കും മുന്നേ തിരിച്ചടി; അമേരിക്കന്‍ എംബസിക്ക് നേരെ ഇറാന്റെ റോക്കറ്റ് ആക്രമണം

ബാഗ്ദാദ്: അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ കബറടക്കം കഴിയും മുമ്പ് ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങളിലേക്ക് ആക്രമണം. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇന്ന് വൈകുന്നേരം മുതല്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലം പാലിക്കണമെന്ന് ഇറാഖി സൈനികര്‍ക്ക് ഇറാന്റ പിന്തുണയുള്ള ഹിസ്ബുള്ള മുന്നറിയിപ്പ് നല്‍കി. ബാഗ്ദാദില്‍ വ്യോമ നിരീക്ഷണം അമേരിക്ക ശക്തമാക്കി.

ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ഇറാനിലേക്ക് പുറപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഇറാനിലെ അമേരിക്കന്‍ കേന്ദങ്ങള്‍ ലക്ഷ്യം വച്ച് റോക്കറ്റ് ആക്രമണം ഉണ്ടായത്. ബാഗ്ദാദില്‍ രണ്ടിടത്താണ് വ്യോമാക്രമണമുണ്ടായത്. അമേരിക്കന്‍ എംബസി അടക്കം സ്ഥിതിചയ്യുന്ന അതി സുരക്ഷാ മേഖലകളായ സെലിബ്രേഷന്‍ സ്‌ക്വയറിലും അല്‍ ജദിരിയിലും. പിന്നാലെ ബലാദിലെ അമേരിക്കന്‍ വ്യോമത്താവളത്തിനു നേരെയും ആക്രമണമുണ്ടായി. നിരവധി കത്യുഷാ റോക്കറ്റുകളാണ് ഇവിടങ്ങളില്‍ പതിച്ചത്. എന്നാല്‍ ആളപായം ഇല്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഉണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, സംശയമുനകള്‍ ഇറാന് നേരെയാണ്. ഇനിയങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ അമേരിക്ക് അതിന്റെ ക്രിമിനല്‍ നടപടിയുടെ പ്രത്യാഘാതം അനുഭവിച്ചുകൊണ്ടിരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയും പ്രതികാരം ചെയ്യുമന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖമനേയിയും പ്രഖ്യാപിച്ചിരുന്നു.

ബാഗ്ദാദില്‍ നിന്ന് വിലാപയാത്രയായി ഇറാനിലേക്ക് കൊണ്ടുപോകുന്ന വഴിയിലെല്ലാം ജനങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കുകയാണ്. ബാഗ്ദാദിലെ വിമാനത്താവള പരിസരത്തുനിന്ന് തുടങ്ങിയ വിലാപയാത്ര കര്‍ബല , നജഫ് തുടങ്ങിയ ഷിയാ ശക്തികേന്ദ്രങ്ങലിലൂടെ ഇറാന്‍ അതിര്‍ത്തിയില്ക്ക് നീങ്ങുകയാണ്. ഇറാനിലെ പുണ്യ നഗരമായ മര്‍ഷദ്, സുലൈമാനിയുടെ ജന്മനഗരമായ കെര്‍മനില്‍ എന്നിവിടങ്ങളിലെ പൊതു ദര്‍ശനത്തിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം തലസ്ഥാനമായ തെഹ്‌റാനില്‍ എത്തിച്ച് മറ്റന്നാള്‍ കബറടക്കും.

SHARE