ഇറാഖ് ഫുട്‌ബോള്‍ താരം അഹ്മദ് റാദി കോവിഡ് ബാധിച്ചു മരിച്ചു


ബാഗ്ദാദ്: ഇറാഖിലെ പ്രമുഖ ഫുട്‌ബോള്‍ താരം അഹമ്മദ് റാദി കോവിഡ് ബാധിച്ച് മരിച്ചു. 56 വയസ്സായിരുന്നു. ബാഗ്ദാദിലെ ആശുപത്രിയില്‍ ഒരാഴ്ച മുന്‍പാണ് കോവിഡ് ബാധിച്ച് അദ്ദേഹത്തെ ചികിത്സക്ക് എത്തിച്ചത്. റാദിയുടെ മരണത്തില്‍ ഫിഫ ദുഃഖം രേഖപ്പെടുത്തി.

1986ലെ ലോകകപ്പില്‍ റാദി നേടിയ ഗോള്‍ ചരിത്രമായിരുന്നു. ബെല്‍ജിയത്തിനെതിരെ റാദി നേടിയ ആ ഒരു ഗോള്‍ ആണ് ലോകകപ്പില്‍ ഇറാഖ് നേടിയ ഏക ഗോള്‍. 1984, 88 വര്‍ഷങ്ങളില്‍ ഇറാഖ് ഗള്‍ഫ് കപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ ടീമില്‍ പകരം വെക്കാനാവാത്ത താരമായി റാദി. 88ല്‍ ഏഷ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടി. ദേശീയ ജഴ്‌സിയില്‍ 121 മത്സരങ്ങളില്‍ നിന്നായി 62 ഗോളുകള്‍ നേടിയിരുന്നു.

ഇറാഖില്‍ ഇതുവരെ 30,868 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,169 പേര്‍ മരിച്ചു.

SHARE