ഇറാഖില്‍ മുഖ്ദത സദ്ര്‍ സഖ്യം അധികാരത്തിലേക്ക്

ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മുഖ്ദത സദ്‌റിന്റെ നേതൃത്വത്തിലുള്ള ശിയാസഖ്യം അധികാരം ഉറപ്പിച്ചു. പകുതിയിലേറെ വോട്ടുകള്‍ എണ്ണിയപ്പോള്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ സഖ്യത്തിന് കനത്ത തിരിച്ചടി നേരിട്ടു. അബാദിയുടെ സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായി ഫലം വ്യക്തമാക്കുന്നു.

ഇറഖില്‍ നിന്നും ഐ.എസിനെ തുരത്തിയതിന് ശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്ററി തെരഞ്ഞെടുപ്പിലാണ് സദ്‌റിന്റെ നേതൃത്വത്തിലുള്ള സെക്കുലര്‍ സഖ്യം വിജയത്തിലേക്ക് എത്തിയത്. ഇറാഖില്‍ ഇസ്്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദികളുമായി പോരാടിയ ഇറാന്‍ പിന്തുണയുള്ള ശിയാ നേതാവായ ഹാദി അല്‍ അമീരിയുടെ ഫതഹ് സഖ്യമാണ് രണ്ടാം സ്ഥാനത്ത്. നിലവിലുള്ള അവസ്ഥ തുടരുകയാണെങ്കില്‍ സദ്‌റും സഖ്യകക്ഷികളും അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്.

ഐ.എസില്‍നിന്ന് രാജ്യത്തെ മോചിപ്പിച്ചത് വോട്ടാക്കി തെരഞ്ഞെടുപ്പില്‍ മുതലെടുപ്പ് നടത്താമെന്ന അബാദിയുടെ പ്രതീക്ഷകള്‍ക്കാണിപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. അമേരിക്കന്‍ അധിനവേശ സേനക്കെതിരെ പോരാടിയിരുന്ന മുഖ്തത അല്‍ സദ്‌റിന്റെ ശക്തമായ തിരിച്ചുവരവിന് തെരഞ്ഞെടുപ്പ് സാക്ഷ്യംവഹിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ നസ്റ് സഖ്യം മൂന്നാമതാണ്.

വോട്ടെടുപ്പ് നടന്ന 18 പ്രവിശ്യകളിലെ 16 സ്ഥലങ്ങളിലും വോട്ടെണ്ണി തീര്‍ന്നിട്ടുണ്ട്. 91 ശതമാനം വോട്ടെണ്ണലും കഴിയുമ്പോള്‍ ബഗ്ദാദും ഉള്‍പ്പെടെ ആറു പ്രവിശ്യകളിലും സദറിന്റെ സഖ്യമാണ് മുന്നേറിയത്. സദ്റിസ്റ്റുകളും ഇറാഖ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുസംഘടനകളും ഒന്നിച്ചാണ് (സൈറൂണ്‍ സഖ്യം) തെരഞ്ഞെടുപ്പിനെ നേരിട്ടത്. സഖ്യം 1.3 മില്ല്യണ്‍ വോട്ടുകളും 329ല്‍ 54 സീറ്റുകളും നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും മറ്റുകക്ഷികളുടെ കൂടി പിന്തുണ ലഭിച്ചാല്‍ മാത്രമേ മുഖ്തദ അല്‍ സദ്റിന് പ്രധാനമന്ത്രി പദത്തിലെത്താന്‍ സാധിക്കുകയുള്ളൂ.

ഇറാഖില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ശിയാ നേതാവാണ് സദ്ര്‍. 2003ല്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ അധികാരഭ്രഷ്ടനാക്കിയ അമേരിക്കന്‍ അധിനിവേശത്തിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയരംഗത്ത് തിളങ്ങിത്തുടങ്ങിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മെഹ്ദ് ആര്‍മി മിലീഷ്യ യു.എസ് സേനക്കെതിരെ വന്‍ പോരാട്ടം നടത്തി. എത്രയും വേഗം യു.എസ് സേന പിന്മാറണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 2006നും 2007നുമിടക്ക് ഇറാഖില്‍ വിഭാഗീയ അക്രമങ്ങള്‍ അരങ്ങേറിയപ്പോള്‍ ആയിരക്കണക്കിന് സുന്നി മുസ്്‌ലിംകളെ കൊന്നൊടുക്കിയതില്‍ സദ്‌റിന്റെ മീലിഷ്യക്ക് പങ്കുള്ളതായി ആരോപണമുണ്ട്. മെഹ്ദി ആര്‍മിയെ ഇറാഖ് ഭരണകൂടം അടിച്ചമര്‍ത്തിയപ്പോള്‍ സദ്ര്‍ ഇറാനിലേക്ക് പലായനം ചെയ്തു. നൂരി അല്‍ മാലികി പ്രധാനമന്ത്രിയായതോടെ രാജ്യത്ത് തിരിച്ചെത്തി. കുറച്ചു വര്‍ഷങ്ങളായി ഇറാനില്‍നിന്ന് അകന്നുനില്‍ക്കുന്ന അദ്ദേഹം ഇറാഖ് ദേശീയവാദത്തിന്റെ വക്താവായി ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കുകയായിരുന്നു.