സ്വതന്ത്ര്യ-തീവ്രവാദ വിമുക്ത അഫ്ഗാനിസ്ഥാന് വേണ്ടി പ്രവര്‍ത്തിക്കും, ഇന്ത്യയും ഇറാനും തമ്മില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യയും ഇറാനും തമ്മില്‍ സുപ്രധാനമായ ഒമ്പത് കരാറുകളില്‍ ഒപ്പുവെച്ചു. മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശത്തിനെത്തിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലേര്‍പ്പെട്ടത്. ഛബാര്‍ തുറമുഖ വികസനം, പ്രകൃതിവാതക പദ്ധതികള്‍, മേഖലയിലെ സുരക്ഷാപ്രശ്‌നങ്ങള്‍ തുടങ്ങിയവ കൂടിക്കാഴ്ച്ചയിലെ മുഖ്യചര്‍ച്ചാവിഷയമായി. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്നും പ്രതിരോധസുരക്ഷാ, വ്യാപാരനിക്ഷേപം, ഊര്‍ജ മേഖല എന്നീ മേഖലയില്‍ പരസ്പര സഹകരണം ഇരുരാജ്യങ്ങളും ഉറപ്പാക്കാമെന്നും അറിയിച്ചു.

സ്വതന്ത്ര്യ-തീവ്രവാദ വിമുക്ത അഫ്ഗാനിസ്ഥാന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഇരു രാജ്യങ്ങളും യോജിച്ച് പ്രസ്താവന പുറത്തിറക്കി. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ചരിത്ര പ്രസിദ്ധമായ മക്കാ മസ്ജിദില്‍ ജുമുഅ നിസ്‌കാരം നിര്‍വഹിച്ച റൂഹാനി വിശ്വാസികളുടെ സമ്മേളനത്തില്‍ സംവദിച്ചിരുന്നു. ഇന്ന് രാവിലെ രാഷ്ട്രപതി ഭവനില്‍ റൂഹാനിക്ക് ഔദ്യോഗിക സ്വീകരണം നല്‍കിയിരുന്നു. രാഷ്ട്രപതി ഭവനിലെ ഗാര്‍ഡ് ഓഫ് ഓണറിനുശേഷം രാജ്ഘട്ടിലും റൂഹാനി സന്ദര്‍ശിച്ചു.

രണ്ട് സ്വകാര്യപരിപാടികളില്‍ പങ്കെടുത്തശേഷം വൈകീട്ട് ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തിയശേഷം രാത്രിയോടെ റൂഹാനി ഇറാനിലേക്ക് മടങ്ങും. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇറാന്‍ പ്രസിഡന്‍് ഇന്ത്യ സന്ദര്‍ശിക്കുന്നത്.