ഇറാന്റെ എണ്ണ വ്യാപാരം തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു ; തിരിച്ചടിച്ച് ഇറാന്‍ പെട്രോളിയം മന്ത്രി

തെഹ്റാന്‍: ഇറാന്റെ എണ്ണ വ്യാപാരം തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി ഇറാന്‍ പെട്രോളിയം മന്ത്രി ബൈജാന്‍ സംഗേഷ്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് ഇറാനുമായി എണ്ണ വ്യാപരം ഉപേക്ഷിക്കാണമെന്ന് അമേരിക്ക താക്കീത് നല്‍കിയിരുന്നു. എന്നാല്‍ അമേരിക്കയുടെ ഭീഷണി നിലനില്‍ക്കെ എണ്ണ വ്യാപാരം പതിവു പോലെ തുടരുകയാണെന്ന് ബൈജാന്‍ സംഗേഷ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇറാന്‍ എണ്ണ കയറ്റുമതി തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ നേരിടാന്‍ തങ്ങള്‍ ബദല്‍ സംവിധാനം കണ്ടെത്തിയതായും അത് വിജയകരമായി മുന്നോട്ടുപോവുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ അന്താരാഷ്ട്ര കമ്പോളത്തില്‍ എണ്ണ വില കുതിച്ചുയരുന്നതിന് പിന്നില്‍ അമേരിക്കയുടെ നീക്കങ്ങളാണെന്നും ബൈജാന്‍ സംഗേഷ് കുറ്റപ്പെടുത്തി.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സൗദി അറേബ്യയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന അമേരിക്കന്‍ നടപടി ഒപെക് മര്യാദകള്‍ക്കെതിരാണെന്നും ബൈജാന്‍ സംഗേഷ് വ്യക്തമാക്കി. കമ്പോളത്തെ നിയന്ത്രിക്കാന്‍ രാഷ്ട്രീയമായ സമ്മര്‍ദ്ദങ്ങളുണ്ടാവരുതെന്നാണ് ഒപെക്കിന്റെ നയം. ഇതിനെതിരായാണ് അമേരിക്ക പ്രവര്‍ത്തിക്കുന്നത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ പരമാധികാരത്തിനെതിരായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ എണ്ണക്കമ്പോളത്തില്‍ കൈകടത്താന്‍ ഏത് രാഷ്ട്രം നടത്തുന്ന ശ്രമവും ഇറാനെതിരായ വഞ്ചനയായി മാത്രമേ കാണാനാവൂ എന്നും ഇതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പിലൂടെ തിരിച്ചടിച്ചു. ആണവ കരാറില്‍ നിന്ന് പിന്‍മാറിയ പശ്ചാത്തലത്തില്‍ ഇറാനെതിരേ ഉപരോധം ശക്തമാക്കാന്‍ അമേരിക്ക തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രതിദിനം രണ്ട് ദശലക്ഷം ബാരല്‍ എണ്ണ അധികം ഉല്‍പ്പാദിപ്പിക്കാമെന്ന് സഊദി ഉറപ്പു നല്‍കിയിരുന്നു. നവംബര്‍ നാലിന് മുമ്പായി ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കണമെന്നാണ് ട്രംപ് ഭരണകൂടം അമേരിക്കയുമായി ഉഭയകക്ഷി ബന്ധം പുലര്‍ത്തുന്ന എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടത്. അല്ലാത്ത പക്ഷം അമേരിക്കയില്‍ ശക്തമായ നടപടി ഉണ്ടാവുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.