ട്രംപിന് ഭീഷണിയുമായി ഇറാന്‍; തലയെടുക്കുന്നവര്‍ക്ക് 576 കോടി സമ്മാനം; ആണവ കരാറും ലംഘിച്ചു

തെഹ്‌റാന്‍: ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കക്കും പ്രസിഡന്റെ ട്രംപിനുമെതിരെ കടുത്ത നീക്കവുമായി ഇറാന്‍. ലോക രാജ്യങ്ങളുമായുള്ള ആണവ കരാറില്‍ നിന്ന് ഇറാന്‍ പിന്‍മാറിയതായാണ് വിവരം. കരാറിലെ ഒരു വ്യവസ്ഥകളും ഇനി പാലിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്കക്കെതിരെ കൂടുതല്‍ ശക്തമായ നീക്കത്തിന് ഒരുങ്ങുന്നതിന് മുന്നോടിയായിട്ടാണ് ഇറാന്‍ തീരുമാനമെന്ന് വിലയിരുത്തുന്നത്.

അമേരിക്കന്‍ സൈന്യത്തിന് ഇറാഖില്‍ പുതിയ കുരുക്കും ഇറാന്‍ ഒരുക്കിയ. ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ പിന്തുണയോടെ ഇറാഖ് പാര്‍സമെന്റ് പ്രമേയം കൊണ്ടുവന്നു. ഇതോടെ അമേരിക്കന്‍ സൈന്യം വെട്ടിലായിരിക്കുകയാണ്.
അമേരിക്കന്‍ സൈന്യം ഇറാഖില്‍ തുടരുന്നതുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കാന്‍ പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അമേരിക്കയുടേത് അടക്കം രാജ്യത്ത് ഒരു വിദേശ സൈനികനെയും തുടരാന്‍ അനുവദിക്കരുത്. ഇറാഖിന്റെ മണ്ണ്, വെള്ളം, ആകാശം, മറ്റു വിഭവങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ വിദേശ സൈനികരെ അനുവദിക്കരുതെന്നും പ്രമേയം ആവശ്യപ്പെട്ടു.

അതേസമയം, ഇറാന്‍ സൈനിക മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ട യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തലയെടുക്കുന്നവര്‍ക്ക് 80 ദശലക്ഷം ഡോളര്‍ (576 കോടി രൂപ) സമ്മാനം പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ട്. ജനറല്‍ സുലൈമാനിയുടെ സംസ്‌കാരച്ചടങ്ങിനിടെ ഇറാന്‍ ഔദ്യോഗിക ടെലിവിഷലൂടെയാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്. സുലൈമാനിയുടെ സംസ്‌കാരച്ചടങ്ങിനിടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനിടെ ടെലിവിഷനില്‍ പശ്ചാത്തല വിവരണം നടത്തുന്നയാളാണ് ട്രംപിനെ വധിക്കാന്‍ ആഹ്വാനം ചെയ്തത്. വന്‍ ശബ്ദഘോഷത്തോടെയാണ് ചടങ്ങില്‍ പങ്കെടുത്ത ജനങ്ങള്‍ ഇതിനെ എതിരേറ്റത്.

എന്നാല്‍ സംപ്രേഷണം ഇറാന്‍ ഭരണകൂടത്തിന്റെ അനുമതിയോടെയല്ലെന്നാണ് സൂചന. പ്രഖ്യാപനം ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെ പ്രസംഗത്തിന്റെ ബാക്കിഭാഗങ്ങളുടെ സംപ്രേഷണം നിര്‍ത്തിവെച്ചു. ഇറാന്‍ അധികൃതരുടെ ഇടപെടലിനെ തുടര്‍ന്നാണിത് എന്നാണ് സൂചന.

ഇതിനിടെ ട്രംപിന്റെ തലക്ക് വിലയിട്ട ഇറാന്‍ നടപടിയെ അനുകൂലിച്ച് അമേരിക്കന്‍ ടിവി അവതാരകന്‍ ജോര്‍ജ്ജ് ലോപ്പസ് എത്തിയതും വിവാദമായി. ട്രംപിനെ വധിച്ച ഏതൊരാള്‍ക്കും ഇറാന്‍ 80 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തതായ വാര്‍ത്തക്കു താഴെ, നമുക്കത് പങ്കിട്ടെടുക്കാം എന്നാണ് ഹാസ്യനടന്‍ മറുപടി നല്‍കിയത്.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഇറാനും തമ്മിലുള്ള വാക്‌പോര് യുദ്ധ ഭീതിക്ക് കനം കൂട്ടുന്നതാണ്. എന്നാല്‍, ഇംപീച്ച്മെന്‍റ് നടപടികള്‍ തുടരുന്ന പ്രസിഡന്‍റിന്‍റെ വാക്കുകള്‍ പഴയപോലെ അമേരിക്കന്‍ ജനതയെ ആവേശം കൊള്ളിക്കുന്നില്ലെന്നാണ് വാഷിംങ്ടണ്‍ ഡിസിയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാനെതിരെ അമേരിക്ക നടത്തുന്നത് അനാവശ്യമായ യുദ്ധമാണെന്നും അമേരിക്ക ഇതില്‍ നിന്നും പിന്മാറണമെന്നും ജനങ്ങള്‍ തെരുവുകളില്‍ ആവശ്യപ്പെട്ടു. മുന്‍യുദ്ധങ്ങള്‍ക്കായി പഴയ പ്രസിഡന്‍റുമാര്‍ ചെയ്തത് തന്നെയാണ് ഇപ്പോള്‍ ട്രംപും ചെയ്യുന്നതെന്ന് അവര്‍ പറയുന്നു. ട്രംപിനെതിരെ വാഷിംഗ്ടണ്‍ ഡിസിയില്‍ വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്‌.