കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇറാന്‍ 70000 തടവുകാരെ ജയിലില്‍ നിന്ന് വിട്ടയച്ചു. ഇനിയും കൂടുതല്‍ തടവുകാരെ വിട്ടയക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. തടവുകാരുടെ മോചനം സാമൂഹിക സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നില്ലെങ്കില്‍ നടപടി തുടരാനാണ് തീരുമാനം. എന്നാല്‍ മോചിപ്പിച്ച തടവുകാരെ എപ്പോഴാണ് തിരിച്ച് ജയിലിലെത്തിക്കുക എന്ന വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ജയിലുകളില്‍ നിന്ന് തടവുകാരെ കൂട്ടത്തോടെ വിട്ടയക്കുന്നത്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ വൈറസ് രോഗം മൂലം മരിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍. പാര്‍ലമെന്റംഗങ്ങള്‍ക്ക് വരെ രോഗം ബാധിച്ചിട്ടുണ്ട്. ജാമ്യത്തിലാണ് തടവുകാരെ വിട്ടയക്കുന്നത്. അഞ്ച് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ വിധിച്ചവര്‍ക്കാണ് മോചനം. കടുത്ത ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മോചനമില്ല.
രാജ്യത്തെ പ്രമുഖരില്‍ പലര്‍ക്കും കൊറോണ രോഗം ബാധിച്ചിട്ടുണ്ട്. ആരോഗ്യ സഹമന്ത്രി, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെല്ലാം രോഗം ബാധിച്ചു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഉപദേഷ്ടാവ് മുഹമ്മദ് മിര്‍ മുഹമ്മദി രോഗം ബാധിച്ച് മരിച്ചിരുന്നു.