ടെഹ്‌റാന്‍: കോവിഡിന് മരുന്നായി വിഷമദ്യം (മീഥൈല്‍ ആല്‍ക്കഹോല്‍-മെഥനോള്‍) കഴിച്ച 728 ഇറാനികള്‍ മരിച്ചു. ഫെബ്രുവരി 20നും ഏപ്രില്‍ ഏഴിനും ഇടയിലാണ് ഇത്രയും പേര്‍ മദ്യം കുടിച്ചു മരിച്ചത്. കോവിഡ് ശരീരത്തില്‍ പ്രവേശിക്കില്ല എന്ന ധാരണയിലാണ് ഇവര്‍ മദ്യം കഴിച്ചതെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ ഹുസയ്ന്‍ ഹസ്‌നൈന്‍ പറഞ്ഞു. ആശുപത്രിക്ക് പുറത്താണ് 200 പേര്‍ മരിച്ചതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് വെളിപ്പെടുത്തി.
‘മദ്യം കൊറോണയില്‍ നിന്ന് പരിരക്ഷ നല്‍കുമെന്ന് ജനം വിശ്വസിക്കുന്നു. കോവിഡ് വൈറസ് അകത്തു പ്രവേശിക്കുന്നില്ല എന്നാണ് വിശ്വാസം. ഈ തെറ്റിദ്ധാരണയില്‍ കുട്ടികള്‍ പോലും മദ്യം കുടിക്കുന്നുണ്ട്. അത് മരണത്തിനും അന്ധതയ്ക്കും കാരണമാകുന്നു’ – ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നീമിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് പത്തു മടങ്ങ് വിഷമദ്യ കേസുകളാണ് ഇത്തവണ ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 50,11 പേര്‍ക്ക് ഇതുവരെ വിഷബാധയേറ്റതായി ഇറാന്‍ ആരോഗ്യമന്ത്രാലയം വക്താവ് ഖൈനൂഷ് ജഹാന്‍പൂര്‍ പറഞ്ഞു.
മദ്ധ്യേഷ്യയില്‍ കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാഷ്ട്രങ്ങളിലൊന്നാണ് ഇറാന്‍. ഇതുവരെ 91000 പോസിറ്റീവ് കേസുകളും 5806 മരണങ്ങളും കോവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിയമപരമായി ഇറാനില്‍ മദ്യം കഴിക്കുന്നത് നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും ജൂതരും സ്വകാര്യമായി ഇവ ഉപയോഗിക്കാറുണ്ട്.