മിസൈല്‍ ആക്രമണത്തില്‍ 80 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു; ഇറാന്‍ മാധ്യമങ്ങള്‍

ടെഹ്‌റാന്‍: ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ രണ്ട് സൈനിക താവളങ്ങള്‍ക്കു നേരെയാണ് ഇറാന്റഖെ ആക്രമണമുണ്ടായത്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ സുരക്ഷിത മേഖലകളിലേക്ക് മാറ്റി.

ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ഇറാഖിലെ അല്‍ അസദ്, ഇര്‍ബില്‍ എന്നി യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. അല്‍ അസദ് താവളത്തിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. 15 മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചത്.

അതേ സമയം, ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെയുള്ള ഇറാന്റെ മിസൈലാക്രണത്തിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ‘എല്ലാം നല്ലതിനാണ്, ലോകത്തെ ഏറ്റവും ശക്തവും സുസജ്ജവുമായ സൈന്യം ഞങ്ങള്‍ക്കുണ്ടെന്ന്’ ട്രംപ് ട്വീറ്റ് ചെയ്തു.

സൈനിക താവളത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തിവരികയാണ്. ഇറാന്റെ തിരിച്ചടിയില്‍ ബുധനാഴ്ച രാവിലെ ഔദ്യോഗിക പ്രസ്താവന നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്‍ മിസൈലാക്രമണം നടത്തിയതായി യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ മരണനാനന്തര ചടങ്ങുകള്‍ നടന്നുവരുന്നതിനിടെയാണ് ഇറാന്റെ നേരിട്ടുള്ള സൈനിക നടപടി. അമേരിക്കന്‍ സൈന്യത്തെയും പെന്റഗണെയും കഴിഞ്ഞദിവസം ഇറാന്‍ ഭീകരവാദികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്വയം പ്രതിരോധത്തിന് വേണ്ടി യുഎന്‍ ചട്ട പ്രകാരമുള്ള നടപടി മാത്രമാണെന്നായിരുന്നു ആക്രമണത്തിന് പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. എല്ലാം നല്ലതിന്, ഉടന്‍ ഒരു പ്രഖ്യാപനമുണ്ടാകുമെന്ന് ഡൊണാള്‍ഡ് ട്രംപും മറുപടി നല്‍കിയിട്ടുണ്ട്.

SHARE