ഇറാന് ഇസ്രയേലിന്റെ താക്കീത്; അക്രമിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് നെതന്യാഹു

ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം പുകയുകയാണ്. സുലൈമാനിയുടെ വധത്തിന് തിരിച്ചടിയായി ഇറാന്‍ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങളും ആക്രമിച്ചതോടെ യുദ്ധ ഭീതി വളര്‍ന്നു. ഇതിനിടെയാണ് ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു രംഗത്തുവന്നിരിക്കുന്നത്.

തങ്ങളെ ആക്രമിച്ചാല്‍ ഇറാന് മേല്‍ കനത്ത പ്രഹരമേല്‍പ്പിക്കുമെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇറാഖിലെ യു.എസ് സൈനിക താവളങ്ങളില്‍ പ്രതികാര നടപടിയായി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ജറുസലേം കോണ്‍ഫറന്‍സില്‍ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നെതന്യാഹു മുന്നറിയിപ്പ് നല്‍കിയത്. സുലൈമാനിയെ തീവ്രവാദികളുടെ നേതാവെന്നും നെതന്യാഹു വിശേഷിപ്പിച്ചു. സുലൈമാനിക്ക് നേരെ നടന്ന യു.എസ് ഡ്രോണ്‍ ആക്രമണത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു തീവ്രവാദി പരാമര്‍ശം.

‘നിരപരാധികളായ നിരവധി ആളുകളുടെ മരണത്തിന് ഉത്തരവാദിയാണ് ഖാസിം സുലൈമാനി. പതിറ്റാണ്ടുകളായി അദ്ദേഹം പല രാജ്യങ്ങളെയും അസ്ഥിരപ്പെടുത്തി, ഭയവും ദുരിതവും വേദനയും വിതച്ചു,’ നെതന്യാഹു പറഞ്ഞു. മധ്യപൂര്‍വേഷ്യയിലും ലോകമെമ്പാടും ഇറാന്റെ ഭീകരാക്രമണത്തിന്റെ ശില്പിയും സാരഥിയുമായിരുന്നു അദ്ദേഹമെന്നും നെതന്യാഹു പറഞ്ഞു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വെച്ച് സുലൈമാനിയെ വധിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇസ്രയേല്‍ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.

ഇനിയും പ്രതികാര നടപടികള്‍ക്ക് വാഷിംഗ്ടണ്‍ മുതിര്‍ന്നാല്‍ ഇസ്രയേല്‍ നഗരങ്ങളായ ഹൈഫ, ടെല്‍ അവീവ് എന്നിവ ഭസ്മമാക്കുമെന്ന് നേരത്തെ ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

SHARE