അവശയായിട്ടും ഒരു കൈയ്യില്‍ ഡ്രിപ്പുമിട്ട് രോഗികളെ ചികിത്സിച്ച മാലാഖ ഒടുവില്‍ മരണത്തിന് കീഴടങ്ങി

ഒരു കൈയ്യില്‍ അവശയായി വീണുപോകാതിരിക്കാനുള്ള ഡ്രിപ്പുമിട്ട് മറുകൈ കൊണ്ട് അനേകം രോഗികളെ ചികിത്സിച്ച ഇറാനിലെ മാലാഖയായ ഡോ. ഷിറീന്‍ റുഹാനി മരണത്തിന് കീഴടങ്ങി. കോവിഡ് 19 പടര്‍ന്നുപിടിച്ചതോടെ ഡോ. ഷിറീന്‍ തന്റെ രോഗാവസ്ഥയേയും മറന്ന് രോഗികള്‍ക്കായി സ്വന്തം ജീവന്‍ പോലും ത്യജിച്ചാണ് ചികിത്സ നടത്തിയത്.

ഡോ. ഷിറീന്‍ റൂഹാനിയുടെ അവസാന കാലത്തെ ഒരു ഫോട്ടോഗ്രാഫില്‍ അവര്‍ ചെയ്ത ത്യാഗം മുഴുവന്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തില്‍ ഒരു രോഗിയെ പരിശോധിക്കുകയാണ് ഡോ. ഷിറീന്‍, അവരുടെ കയ്യില്‍ ഘടിപ്പിച്ച കാനുല, അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ഐവി സലൈന്‍ ഡ്രിപ്പ്. അതൊക്കെ സൂചിപ്പിക്കുന്നത് അവര്‍ തീരെ അവശയാണ് എന്നാണ്. എങ്കിലും തന്റെ അവശത വകവെക്കാതെ രോഗികളെ പരിശോധിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്.

രണ്ടും മൂന്നും ഷിഫ്റ്റുകള്‍ അടുപ്പിച്ച് ചെയ്ത് എത്രയോ ദിനരാത്രങ്ങള്‍ക്കൊടുവില്‍ ആകെ ക്ഷീണിച്ച്, നിര്‍ജലീകരണം സംഭവിച്ച അവസ്ഥയില്‍ ആയിരുന്നിട്ടും ഒരിക്കല്‍ പോലും താന്‍ ഡ്യൂട്ടിക്ക് വരില്ല എന്നുമാത്രം ഷിറീന്‍ പറഞ്ഞിരുന്നില്ല. വീട്ടില്‍ കിടക്കുമ്പോള്‍ കൈയ്യില്‍ പിടിപ്പിച്ച കാനുലയിലൂടെ അവരുടെ ദേഹത്തേക്ക് ഐവി സലൈന്‍ ഡ്രിപ്പ് കയറിക്കൊണ്ടിരുന്നു.

മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് സഹപ്രവര്‍ത്തകര്‍ എടുത്ത ഒരു വീഡിയോയില്‍ ക്ഷീണിതയായിരുന്നിട്ടും രോഗികളെ പരിശോധിക്കുന്ന ഡോ. ഷിറീനെ കാണാം. അങ്ങനെ ക്ഷീണിച്ച അവസ്ഥയിലും എത്രയോ ദിവസം അവര്‍ തന്റെ സേവനങ്ങള്‍ ഇറാനിലെ കൊവിഡ് 19 ബാധിതരെ പരിചരിച്ചു. തങ്ങളുടെ സഹപ്രവര്‍ത്തകയുടെ ആത്മത്യാഗത്തില്‍ തങ്ങളുടെ ഹൃദയം നുറുങ്ങുമ്പോഴും അഭിമാനം കൊള്ളുന്നതായി ഡോ. ഷിറീന്‍ റുഹാനിയുടെ സഹപ്രവര്‍ത്തകര്‍ അറിയിച്ചു.

SHARE