ഇറാന്‍ ആണവ പ്രശ്‌നം പ്രതിസന്ധി രൂക്ഷമാകുന്നു

കെ. മൊയ്തീന്‍കോയ

ഇറാന്റെ ആണവ സമ്പുഷ്ടീകരണം പുതിയ തലത്തിലേക്ക് എത്തുന്ന സാഹചര്യം പാശ്ചാത്യ ലോകം ആശങ്കയോടെയാണ് സ്ഥിതിഗതികള്‍ വീക്ഷിക്കുന്നത്. സമ്പുഷ്ടീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ 2015ലെ ആണവ കരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയ പശ്ചാത്തലത്തില്‍ ഒരു വര്‍ഷം കാത്തിരുന്ന ശേഷമാണ് ഇറാന്‍ പുതിയ നീക്കം തുടങ്ങിയത്. കരാറില്‍ അമേരിക്കക്ക് പുറമെ റഷ്യ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍, ഐക്യരാഷ്ട്ര സംഘടന എന്നിവയുടെ പ്രതിനിധികളും ഒപ്പ്‌വെച്ചതാണ്.
ഇതിനിടെ ഇറാനില്‍ പുതിയ എണ്ണപ്പാടം കണ്ടെത്തിയത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്. 53000 കോടി ബാരല്‍ അസംസ്‌കൃത എണ്ണ ഉത്പാദിപ്പിക്കാന്‍ കഴിയും. ഖുസാസ്താന്‍ പ്രവിശ്യയിലാണ് 2,400 ചതുരശ്ര കി.മീറ്റര്‍ വിസ്തൃതിയുള്ള എണ്ണപ്പാടം. ലോകത്ത് ഏറ്റവുമധികം എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനമാണ് ഇറാനുള്ളത്. ആണവ കരാറില്‍നിന്ന് ഡോണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി പിന്‍മാറുന്നതിന് എതിരെ സഖ്യ രാജ്യങ്ങള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതായിരുന്നുവെങ്കിലും ഗൗനിച്ചില്ല. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഒപ്പ്വെച്ച കരാര്‍ എന്ന നിലയില്‍ കരാറിനെ ഇകഴ്ത്തി കാണിക്കുകയായിരുന്നു ട്രംപിന്റെ ലക്ഷ്യം. അതിന്‌വേണ്ടി അദ്ദേഹം ലോക സമാധാനത്തിന് പോറലേല്‍പിക്കുകയാണ്.

ഇറാന്റെ ഭൂഗര്‍ഭ ആണവ നിലയമായ ഫോര്‍ദോയില്‍ നിലയത്തില്‍ ആണവ സമ്പുഷ്ടീകരണം പുനരാരംഭിച്ച് അഞ്ച് ശതമാനത്തിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണെന്നും 60 ശതമാനത്തില്‍ എത്തിക്കുക നിഷ്പ്രയാസമാണെന്നും തെളിഞ്ഞ സാഹചര്യം ആശങ്കയോടെയാണ് ലോക സമൂഹം നോക്കി കാണുന്നത്. 90 ശതമാനത്തില്‍ എത്തിയാല്‍ ഇറാന് ആണവായുധം ഉണ്ടാക്കാന്‍ കഴിയും. ഇപ്പോഴത്തെ സാഹചര്യം സൃഷ്ടിച്ചതില്‍ കരാറില്‍ പങ്കാളികളായ മറ്റ് രാജ്യങ്ങള്‍ക്കും ഒഴിഞ്ഞ് നില്‍ക്കാന്‍ കഴിയില്ല. കരാറില്‍നിന്ന് പിന്‍മാറിയ അമേരിക്ക ഇറാനെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തി. ഇറാന്‍ പ്രസിഡന്റ്, വിദേശമന്ത്രി, ആത്മീയ നേതാവ് എന്നിവര്‍ക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തി. ഇറാന്‍ എണ്ണ ഒരു രാജ്യവും വാങ്ങാന്‍ പാടില്ല. ഏറ്റവും വില കറഞ്ഞ നിലയില്‍ ലഭിച്ചിട്ടും ഇന്ത്യയും അവസാന ഘട്ടം ഇറാന്‍ എണ്ണ ഒഴിവാക്കി. അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങാതെ എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈന മാത്രം. ഉപരോധം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയോ എണ്ണ കയറ്റുമതി ചെയ്യാന്‍ സൗകര്യപ്പെടുത്തുകയോ വേണമെന്ന് യൂറോപ്യന്‍ യൂണിയനോട് ഇറാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവഗണിച്ചു. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന്‌ശേഷം ഇറാന്‍ നിലപാട് പുനപ്പരിശോധിച്ചു. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിക്ക്‌മേല്‍ ആഭ്യന്തര സമ്മര്‍ദ്ദം ശക്തമായി. ഇതേതുടര്‍ന്നാണ് ഘട്ടം ഘട്ടമായി കരാറില്‍നിന്ന് പിന്‍മാറാന്‍ ഇറാനും നിര്‍ബന്ധിതരായത്.

സമ്പുഷ്ടീകരണം പുനരാരംഭിച്ചതോടെ യൂറോപ്പ് ആശങ്കയിലാണ്. ആണവ നിലയം സന്ദര്‍ശിക്കുന്നതിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ പരിശോധകയെ കഴിഞ്ഞയാഴ്ച തടഞ്ഞു. പരിശോധകയായ നടാന്‍സിനെ സംശയകരമായ സാഹചര്യത്തിലാണ് തടഞ്ഞതെന്നാണ് ഇറാന്റെ ന്യായീകരണം. നിലയത്തിന്റെ കവാടത്തില്‍ പരിശോധക എത്തിയപ്പോള്‍ അപായസൂചന നല്‍കുന്ന സൈറണ്‍ മുഴങ്ങിയെന്നാണ് ഇറാന്റെ വിശദീകരണം. പരിശോധകയുടെ കൈവശം ചില ഉപകരണങ്ങള്‍ ഉണ്ടായിരുന്നതാണ് സംശയം ജനിപ്പിച്ചത്. 2015ല്‍ കരാര്‍ നിലവില്‍വന്നശേഷം യു.എന്‍ ഏജന്‍സി പ്രതിനിധികള്‍ക്ക് സന്ദര്‍ശനത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചതാണ്.

ഇത് സംബന്ധിച്ച് ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചതായി യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയിരുന്നു. ആണവ കരാറില്‍നിന്ന് പിന്‍മാറിയ അമേരിക്ക പുതിയ കരാറുണ്ടാക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ മാസം യു. എന്‍ പൊതുസമ്മേളനത്തിന് എത്തിയ ഇറാന്‍ പ്രസിഡന്റിനെ കാണാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അണിയറ നീക്കം നടത്തിയിരുന്നതാണെങ്കിലും ഇറാന്‍ വഴങ്ങിയില്ല. ഇറാന്‌മേല്‍ അടിച്ചേല്‍പിച്ച ഉപരോധം പിന്‍വലിച്ച ശേഷമാകാം ചര്‍ച്ച എന്നാണ് പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കിയത്.
ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്ന സ്ഥിതിയിലേക്ക് സമ്പുഷ്ടീകരണം പുരോഗമിക്കുമ്പോള്‍ യൂറോപ്പിനും ഇസ്രാഈലിനും ആശങ്ക ജനിക്കുക സ്വഭാവികം. മധ്യപൗരസ്ത്യ ദേശത്ത് ഏക ആണവ രാജ്യം ഇസ്രാഈലാണ്. ശത്രുപക്ഷത്തുള്ള ഇറാന് ആണവശേഷി കരസ്ഥമാക്കാന്‍ കഴിഞ്ഞാല്‍ കടുത്ത ഭീഷണിയാകും. ഇറാന്റെ മേല്‍ വളരെ കാലം സമ്മര്‍ദ്ദം ചെലുത്തിയാണ് 2015ല്‍ കരാറില്‍ ഒപ്പുവെപ്പിച്ചത്. ഈ കരാര്‍ തകര്‍ത്തത് പിന്നീട് അമേരിക്കന്‍ പ്രസിഡന്റായ ട്രംപ് ആണ്. ഇറാനില്‍നിന്ന് പുതിയ ഭീഷണി ഉയരുമ്പോള്‍ സ്വന്തം സ്ഥാനം നിലനിര്‍ത്താന്‍ ഓട്ടത്തിലാണ് ട്രംപ്. അമേരിക്കന്‍ കോണ്‍ഗ്രസ് ഇംപീച്ച്മെന്റ് നടപടി തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ പരസ്യ വിചാരണ നടക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍പോലും പ്രസിഡന്റിന് എതിരായി മൊഴി കൊടുത്തു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ജോ. ബൈഡനെ വ്യക്തിഹത്യ ചെയ്യാന്‍ ഉക്രൈന്‍ പ്രസിഡന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിന് തെളിവ് ശേഖരിക്കുകയാണ് അമേരിക്കന്‍ കോണ്‍ഗ്രസ് അന്വേഷണ സമിതി. അമേരിക്കയില്‍ ട്രംപിന്റെ പ്രതിഛായ തകര്‍ന്നു കഴിഞ്ഞു. ഇതിന്റെ തെളിവാണ് കഴിഞ്ഞാഴ്ച നടന്ന സ്റ്റേറ്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉണ്ടായ തിരിച്ചടി. കെന്റിക്കില്‍ സംസ്ഥാനം ഡമോക്രാറ്റുകള്‍ പിടിച്ചെടുത്തു. വെര്‍ജിനിയ സംസ്ഥാന നിയമസഭയിലും ഡമോക്രാറ്റിക് ഭൂരിപക്ഷം. മിസിസിപ്പി, ന്യൂജേഴ്സി എന്നീ സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞു. 2016ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 30 ശതമാനം അധികം വോട്ടുകള്‍ ട്രംപിന് ലഭിച്ച സംസ്ഥാനങ്ങളിലാണ് ദയനീയ തോല്‍വി. ഈ സാഹചര്യത്തില്‍ ട്രംപ് ലോക കാര്യങ്ങള്‍ വിട്ട് സ്വന്തം കാര്യങ്ങളിലേക്ക് തിരിച്ച് വരികയാണ്. ഇംപീച്ച്മെന്റിനെ മറികടക്കാന്‍ തയാറെടുപ്പിലാണ്.

ഇറാനുമായുള്ള സംഘര്‍ഷം ട്രംപ് ഇപ്പോള്‍ വിസ്മരിക്കുകയാണോ എന്നാണ് സംശയം. ഇറാന്‍ ടാങ്കര്‍ പിടിച്ചെടുത്തതും ബ്രിട്ടീഷ് ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്ത് തിരിച്ചടിച്ചതും സഊദി തീരത്ത് ഇറാന്‍ ടാങ്കറില്‍ ഉണ്ടായ സ്ഫോടനവും ഇപ്പോള്‍ വിസ്മരിച്ചിട്ടുണ്ട്. അറബ് നാടുകളും ഇറാനുമായുള്ള സംഘര്‍ഷത്തിനും അയവ് വന്നിട്ടുണ്ട്. ഇസ്രാഈല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു നടത്തിയ കളികള്‍ സ്വന്തം പരാജയത്തോടെ നിര്‍ത്തിയിട്ടുമുണ്ട്. അതുകൊണ്ട്തന്നെ സ്വന്തം നിലയില്‍ മുന്നോട്ട്‌പോകാന്‍ യൂറോപ്യന്‍ ശക്തികള്‍ തയാറാകുന്ന സാഹചര്യം ഉരുത്തിരിഞ്ഞുവരുന്നുണ്ട്. ഇറാന് പുതുതായി ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം ഫ്രാന്‍സും ബ്രിട്ടനും ജര്‍മ്മനിയും പുനപ്പരിശോധിക്കുകയാണെന്ന് ജര്‍മ്മന്‍ വിദേശമന്ത്രി വ്യക്തമാക്കുന്നു. ആണവ ശക്തിയാവാന്‍ ഇറാനെ അനുവദിച്ചുകൂടെന്ന ശക്തമായ നിലപാടിലാണ് യൂറോപ്പ്. സമ്പുഷ്ടീകരണ പരിപാടിയില്‍നിന്നും പിറകോട്ട് പോകാന്‍ ഇറാനെ നിര്‍ബന്ധിക്കുകയാണ് ലക്ഷ്യം. അമേരിക്കന്‍ ഭീഷണി അവഗണിച്ച് ഇറാനുമായി സഹകരിക്കാന്‍ യൂറോപ്പ് തയാറായാല്‍ ഇന്ത്യ ഉള്‍പ്പെടെ പിന്തുണയുമായി എത്താനാണ് സാധ്യത. ലോകത്തെ വലിയൊരു വിപത്തില്‍നിന്നും രക്ഷപ്പെടുത്താന്‍ അമേരിക്കയുടെ ഭീഷണി അവഗണിക്കുകയാണ് ഈ സാഹചര്യം ആവശ്യപ്പെടുന്നത്. യൂറോപ്പില്‍നിന്ന് ഉയര്‍ന്ന ഇത്തരം ചിന്ത ലോകം അംഗീകരിക്കുന്ന കാലം വിദൂരമല്ല.

SHARE