യു.എസിനെ നേരിടാന്‍ പുതിയ യുദ്ധതന്ത്രങ്ങളുമായി ഇറാന്‍

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അറുതിയുണ്ടാവില്ലെന്ന് വ്യക്തിമാക്കിക്കൊണ്ട് ഇറാന്റെ വെല്ലുവിളി വീണ്ടും. ശക്തമായ പ്രതിരോധമുണ്ടാകുമെന്നും ഇനി അമേരിക്കക്ക് നേരെ വരുന്നത് മിസൈലുകള്‍ മാത്രമായിരിക്കില്ലെന്നാണുമാണ് ഇറാന്‍ നല്‍കുന്ന മുന്നറിയിപ്പ്. സൈനിക തലവന്‍ ഖാസിം സുലൈമാനി വധത്തിന് അമേരിക്കയോട് പ്രതികാരം തുടരുമെന്ന് കഴിഞ്ഞ ദിവസം ഖുദ്‌സ് സേനയുടെ പുതിയതലവന്‍ ഇസ്മായില്‍ ഖാനി പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്നത് വന്‍ ആക്രമണങ്ങളാണെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നത്. സൈബര്‍ ആക്രമണം ഉള്‍പ്പെടെ വന്‍ പദ്ധതികള്‍ക്കാണ് ഇറാന്‍ തയ്യാറെടുക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ കൊല്ലുന്നവര്‍ക്ക് മൂന്ന് മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുമുണ്ട്. വരാനിരിക്കുന്ന സംഘര്‍ഷകാലത്തിന്റെ സൂചനയാണ് ഇതെല്ലാം. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചത് അമേരിക്കയുടെ ഭീരുത്വത്തിന്റെ തെളിവാണെന്നാണ് സുലൈമാനിയുടെ പിന്‍ഗാമിയായി നിയമിക്കപ്പെട്ട ഇസ്മായില്‍ ഖാനി പറയുന്നത്.
സുലൈമാനിയുടെ വധത്തിന് പ്രതികാരം വരാനിരിക്കുന്നതേയുള്ളൂവെന്നാണ് കഴിഞ്ഞ ദിവസം ഖാനി പറഞ്ഞത്. അമേരിക്കന്‍ പ്രതിരോധ കേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണത്തിനാണ് ഇറാന്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്. മുമ്പും യു.എസിന് നേരെ ഇറാന്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
ഇറാന്റെ നീക്കം അറബ് രാജ്യങ്ങളെ ഭീതിയിലാക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ഏറ്റവുമധികം ഭയക്കേണ്ടിവരിക പശ്ചിമേഷ്യയിലെ രാജ്യങ്ങള്‍ തന്നെയാകും. യു.എസിനോടുള്ള പ്രതികാരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ആവര്‍ത്തിക്കുന്ന ഇറാന്‍ പശ്ചിമേഷ്യ യുദ്ധക്കളമാകുമെന്ന സൂചനയാണ് നല്‍കുന്നത്. ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ കൊല്ലുന്നവര്‍ക്ക് മൂന്ന് മില്യണ്‍ ഡോളര്‍ പാരിതോഷികമായി നല്‍കുമെന്നാണ് ഇറാനിയന്‍ പാര്‍ലമെന്റ് അഗം അഹ്്മദ് ഹംസ പ്രഖ്യാപിച്ചു. എന്നാല്‍ ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി സമ്മര്‍ദത്തിലാക്കി തകര്‍ക്കാനാണ് അമേരിക്കയുടെ ലക്ഷ്യം. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഇറാന് ഇന്ധന വില വര്‍ധിപ്പിക്കേണ്ടി വന്നിരുന്നു. ഉപരോധത്തിലൂടെ ഇറാനെ സമ്മര്‍ദത്തിലാക്കി പുതിയ ആണവകരാറിന് നിര്‍ബന്ധിക്കുകയാണ് യു.എസിന്റെ ലക്ഷ്യം.

SHARE