കോഴിക്കോട് ഐ.പി.എം ‘ക്യൂരിയോസ്’ കാര്‍ണിവലിന് തുടക്കമായി

കോഴിക്കോട്: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്പാലിയേറ്റീവ് മെഡിസിന്‍ (ഐപിഎം) സംഘടിപ്പിക്കുന്ന ക്യൂരിയോസ് ദി കാര്‍ണിവല്‍ 2020 ക്ക് തുടക്കമായി. മാറാരോഗം പിടിപെട്ട രോഗികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐ.പി.എം. രോഗികളുടെ പരിചരത്തിനും മരുന്നുകള്‍ക്കും ആവശ്യമായ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായാണ് ക്യൂരിയസ് കാര്‍ണിവല്‍ നടക്കുന്നത്. ഐ.പി.എം ക്യാമ്പസിലെ അകം, കുടില്‍, കാട്, നടുമുറ്റം തുടങ്ങിയ വ്യത്യസ്ത വേദികളായി അരങ്ങേറിയ കലാ സാംസ്‌കാരിക പരിപാടികളോടുകൂടി കര്‍ണിവലിന്റെ ആദ്യ ദിനത്തിന് ഇന്നലെ വര്‍ണാഭമായ തുടക്കമായി.

ഭിന്നശേഷിക്കാരായ സുധി, സല്‍മ, സബീന എന്നിവര്‍ ചേര്‍ന്നാണ് കാര്‍ണിവലിന്റെ ഉദ്്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മാരായ രഞ്ജിമാറും ശീതള്‍ ശ്യാമും റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ജോസും സംസാരിച്ചു. ഐ പി എം വോളന്റീര്‍ മാരായ ഹൈഫ , നിഷാന, സാബു, ഹഫീഫ് എന്നിവര്‍ അവരുടെ അനുഭവങ്ങളും പങ്കുവച്ചു .ഐ.പി.എം സ്ഥാപകന്‍ ഡോ. സുരേഷിന്റെ നേതൃത്വത്തില്‍ ‘ഡെത്ത് കഫെ’ എന്ന പേരില്‍ ‘അകം’ വേദിയില്‍ നടത്തിയ പരിപാടിയില്‍ പതിനാറോളം പേര്‍ അവരുടെ ഹൃദയഭേദകമായ അനുഭവങ്ങള്‍ പങ്കുവെച്ചു.
‘കുടിലില്‍’ രാഗ, പെപ്പര്‍വൈന്‍ എന്നീ ബാന്റുകള്‍ പരിപാടികള്‍ അവതരിപിച്ചു. തുടര്‍ന്ന് എം. ബി ഇവന്റ്‌സിന്റെ പുതുമയേറിയ പരിപാടിയും, മാര്‍ഗംകളി, ഹിപ്‌ഹോപ്, ഡാന്‍സ് തുടങ്ങിയവയും നടന്നു. ‘ശ്രീയില്‍’ അരങ്ങേറിയ ദീപ്തി പാരളിന്റെ നൃത്ത്യതരങ്കിണിയും മെഹഫില്‍ ഇ സമയുടെ ഖവാലിയും ടെംറ്റേഷന്‍ ബാന്റിന്റെ ഉജ്ജ്വലമായ സംഗീതനിശയും ഐ. പി. എം പരിസരത്തെ ധന്യമാക്കി

ഭക്ഷണം, വസ്ത്രം, കരകൗശല വസ്തുക്കള്‍ മുതലായവ ലഭ്യമാകുന്ന നൂറോളം സ്റ്റാളുകള്‍ ക്യാമ്പസില്‍ സജ്ജമാക്കിയിട്ടുണ്ട്. 12ന് കാര്‍ണിവല്‍ സമാപിക്കും