ആവേശപോരാട്ടത്തില്‍ ഹൈദരാബാദിനെതിരെ ചെന്നൈക്ക് നാലു റണ്‍സ് ജയം

ഹൈദരാബാദ്: അവസാന പന്തുവരെ ആവേശം നിലനിന്ന പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നാലു റണ്‍സ് ജയം. 183 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് വേണ്ടി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും ബ്രാവോയും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തെങ്കിലും 178 റണ്‍സില്‍ സണ്‍റൈസേഴ്‌സിന്റെ പോരാട്ടം അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സുരേഷ് റെയ്‌നയുടെയും അമ്പാട്ടി റായിഡുവിന്റേയും വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിലാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടിയത്. അമ്പാട്ടി റായിഡു 37 പന്തില്‍ നിന്ന് 79 റണ്‍സും റെയ്‌ന 43 പന്തില്‍ നിന്ന് 53 റണ്‍സും നേടി.

ഈ ജയത്തോടെ അഞ്ച് കളികളില്‍ നിന്ന് എട്ട് പോയിന്റുള്ള ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് പോയിന്റുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബാണ് രണ്ടാമത്.

SHARE