ഇടിവെട്ട് റസല്‍

 

ചെന്നൈ: കാവേരി സമരത്തിന്റെ പശ്ചാത്തലത്തില്‍ ചെപ്പോക്കില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ സന്നാഹങ്ങള്‍ നോക്കിനില്‍ക്കെ ചെന്നൈയുടെ സ്വന്തം ഐ.പി.എല്‍ ടീമിനു നേരെ ആന്ദ്രേ റസലിന്റെ പരാക്രമം. 36 പന്തില്‍ 11 കൂറ്റന്‍ സിക്‌സറടക്കം റസല്‍ നേടിയ 88 റണ്‍സിന്റെ കരുത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ചെന്നൈയ്ക്കു മുന്നില്‍ വെച്ചത് 203 റണ്‍സിന്റെ വിജയലക്ഷ്യം.
ആദ്യ മത്സരങ്ങളില്‍ ജയിച്ച ടീമുകള്‍ തമ്മിലുള്ള മത്സരത്തില്‍ ടോസ് ഭാഗ്യം മഹേന്ദ്ര സിങ് ധോണിക്കൊപ്പമായിരുന്നു. റസല്‍ തനിസ്വഭാവം പുറത്തെടുക്കും വരെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്ന് ചെപ്പോക്കിലെമഞ്ഞക്കടലും വിശ്വസിച്ചു. ക്രിസ് ലിന്‍ (22), സുനില്‍ നരെയ്ന്‍ (12), നരേഷ് റാണ (16), റോബിന്‍ ഉത്തപ്പ (29) എന്നിവരൊന്നും വലിയ ഇന്നിങ്‌സ് കളിക്കാതിരുന്നപ്പോള്‍ പത്ത് ഓവറില്‍ കൊല്‍ക്കത്തയുടെ ബോര്‍ഡിലുണ്ടായിരുന്നത് 89 റണ്‍സ് മാത്രം.
ദിനേഷ് കാര്‍ത്തിക്കിനെ (26) ഒരറ്റത്ത്‌നിര്‍ത്തിയാണ് റസല്‍ കത്തിക്കയറിയത്. ഒരു ഫോര്‍ മാത്രമടിച്ച താരം ആകാശമാര്‍ഗം ബൗണ്ടറി കണ്ടത് 11 തവണ. സ്വന്തം നാട്ടുകാരന്റെ ആക്രമണത്തില്‍, പരിചയ സമ്പന്നനായ ഡ്വെയ്ന്‍ ബ്രാവോ മൂന്ന് ഓവറില്‍ തന്നെ 50 റണ്‍സ് വഴങ്ങി. ഷെയ്ന്‍ വാട്‌സണ്‍ 39-ഉം ഇംറാന്‍ ശ്രദുല്‍ താക്കൂര്‍ 37-ഉം റണ്‍സ് വിട്ടു കൊടുത്തു.
അവസാന ഓവറില്‍ സെഞ്ച്വറി കണ്ടെത്താനുള്ള അവസരം റസലിനുണ്ടായിരുന്നെങ്കിലും താരത്തിന്റെ അലസത കൊണ്ടു മാത്രമാണ് അതിനു കഴിയാതെ പോയത്. മറുവശത്ത് കുറാന്‍ താളം കണ്ടെത്താന്‍ വിഷമിക്കുമ്പോള്‍ അവസാന പന്ത് സിക്‌സറിനു പറത്തി റസല്‍ ടീം സ്‌കോര്‍ 200 കടത്തുകയും ചെയ്തു.

SHARE