ഐ.പി.എല്‍ ജൂലൈ, സെപ്തംബര്‍ മാസങ്ങളില്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ജൂലൈ, സെപ്തംബര്‍ മാസങ്ങളിലായി നടത്തുമെന്ന് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഏപ്രില്‍ 15ലേക്ക് ഐപിഎല്‍ മാറ്റിവച്ചിരിക്കുകയാണ്. ഈ സമയത്ത് തുടങ്ങാന്‍ ആയില്ലെങ്കില്‍ ലീഗ് ഉപേക്ഷിക്കും എന്നായിരുന്നു സൂചന. അതിനെ തള്ളിയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഈ മാസങ്ങളില്‍ രാജ്യാന്തര മത്സരങ്ങള്‍ കാര്യമായി നടക്കുന്നില്ലെന്നതാണ് ബിസിസിഐ കണക്കുകൂട്ടുന്നത്. പാകിസ്താന്‍, ഇംഗ്ലണ്ട് താരങ്ങള്‍ക്ക് മാത്രമാണ് ഈ മാസങ്ങളില്‍ മത്സരം ഉള്ളത്. പാകിസ്താന്‍ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കാത്തതു കൊണ്ട് തന്നെ ഇംഗ്ലണ്ട് താരങ്ങളുടെ അഭാവം മാത്രമേ ലീഗില്‍ ഉണ്ടാവൂ. എന്നാല്‍ സെപ്തംബറില്‍ ഏഷ്യാ കപ്പ് നടക്കാനിരിക്കുകയാണ്. ഇത് ബിസിസിഐക്ക് വെല്ലുവിളിയാവാന്‍ സാധ്യതയുണ്ട്. ഏഷ്യാ കപ്പിന് മുന്‍പ് ഐപിഎല്‍ തീര്‍ക്കുക എന്നതാവും ബിസിസിഐയുടെ ലക്ഷ്യം.

നേരത്തെ, അടച്ചിട്ട സ്‌റ്റേഡിയങ്ങളില്‍ ലീഗ് നടത്തിയാല്‍ സ്‌പോണ്‍സര്‍മാര്‍ പിന്മാറും എന്ന സൂചന ഉണ്ടായിരുന്നു. വിവോ, പേടിഎം തുടങ്ങിയ സ്‌പോണ്‍സര്‍മാരൊക്കെ ഇക്കാര്യം അറിയിച്ചു. അതുകൊണ്ട് തന്നെ ഈ വര്‍ഷം തന്നെ എങ്ങനെയും സാധാരണ രീതിയില്‍ ഐപിഎല്‍ നടത്താനാണ് ബിസിസിഐയുടെ ശ്രമം.

SHARE