ഐ.പി.എല്‍ ശ്രീലങ്കയിലേക്ക് മാറ്റാന്‍ സാധ്യത; സന്നദ്ധത അറിയിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

ഐപിഎല്ലിന് വേദിയൊരുക്കാമെന്ന് ബിസിസിഐയോട് ശ്രീലങ്ക. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചതായി ബിസിസിഐ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതികരണം.

ഐപിഎല്ലിന് വേദിയൊരുക്കാം എന്ന് അറിയിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐക്ക് കത്തയക്കുകയായിരുന്നു. ഐപിഎല്‍ ഉപേക്ഷിച്ചാല്‍ 500 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു രാജ്യത്തേക്ക് ഐപിഎല്‍ വേദി മാറ്റുന്നതോടെ ഇത്രയും സാമ്പത്തിക നഷ്ടം നേരിടേണ്ടി വരില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഷമ്മി സില്‍വ പറഞ്ഞു.

ഇതിന് മുമ്പ് 2009ലും 2014ലുമാണ് ഐപിഎല്‍ ഇന്ത്യക്ക് പുറത്ത് നടത്തിയിരുന്നത്. ഇന്ത്യയെ അപേക്ഷിച്ച് കുറവ് കോവിഡ് 19 കേസുകളാണ് ശ്രീലങ്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 230 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജീവന്‍ നഷ്ടമായത് ഏഴ് പേര്‍ക്ക് മാത്രമാണ്.

ഇന്ത്യയേക്കാള്‍ ശക്തമായ നിയന്ത്രണങ്ങളാണ് ശ്രീലങ്കയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാല് ആഴ്ചയായി ലങ്കയില്‍ കര്‍ഫ്യൂ തുടരുകയാണ്. വരും ആഴ്ചകളിലും കോവിഡ് കേസുകളുടെ എണ്ണം ലങ്കക്ക് പിടിച്ചു നിര്‍ത്താനായാല്‍ ഐപിഎല്ലിന് വേദിയായി ശ്രീലങ്കയെ പരിഗണിക്കാനാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.

SHARE