ഐ.പി.എല്‍: കൊല്‍ക്കത്തക്ക് ജയം;സഞ്ജു നിരാശപ്പെടുത്തി

ജയ്പ്പൂര്‍:സഞ്ജു സാംസണിന്റെ ബാറ്റ് നിരാശപ്പെടുത്തിയ ഐ.പി.എല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 160 റണ്‍സ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി. പുറത്താവാതെ 42 റണ്‍സ് നേടിയ നായകന്‍ ദിനേശ് കാര്‍ത്തിക്കും 35 റണ്‍സുമായി കാര്‍ത്തിക്കിന് കൂട്ടുനിന്ന റാണയുമാണ് വിജയശില്‍പ്പികള്‍.

ചാമ്പ്യന്‍ഷിപ്പിന്റെ ആരംഭം മുതല്‍ മികച്ച ഇന്നിംഗ്‌സുകള്‍ കാഴ്ച്ച വെച്ച കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ഇന്നലെ ബൗണ്ടറിയില്‍ തുടങ്ങിയെങ്കിലും വ്യക്തിഗത സ്‌ക്കോര്‍ 7 ല്‍ ശിവം മാവിയുടെ പന്തില്‍ പുറത്തായി. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി മിന്നിയ മാവിയുടെ പന്തില്‍ കൂറ്റന്‍ ഷോട്ടിനുള്ള സഞ്ജുവിന്റെ ശ്രമം പകുതി വഴിയില്‍ കുല്‍ദീപ് യാദവിന്റെ കരങ്ങളിലെത്തുകയായിരുന്നു. നല്ല തുടക്കമായിരുന്നു റോയല്‍സിന് നായകന്‍ അജിങ്ക്യ രഹാനെയും സഹ ഓപ്പണര്‍ ഷോര്‍ട്ടും നല്‍കിയത്. കൊല്‍ക്കത്താ ബൗളര്‍മാര്‍ക്ക് അവസരം നല്‍കാതെ രണ്ട് പേരും ആറ് ഓവര്‍ പൂര്‍ത്തിയാക്കി. ടീം സ്‌ക്കോര്‍ 54 ലാണ് കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റെ മിന്നും ഡൈവിംഗ് റണ്ണൗട്ടില്‍ രഹാനെ പുറത്തായത്. 19 പന്തില്‍ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറുമായി നന്നായി കളിക്കുകയായിരുന്ന നായകന്റെ മടക്കം ടീമിനെ ബാധിച്ചു.

പിറകെ വന്ന സഞ്ജു എട്ട് പന്തുകള്‍ മാത്രമാണ് കളിച്ചത്. ത്രിപാഠി, 15 ല്‍ പുറത്തായപ്പോള്‍ വലിയ വിലക്ക് ടീമിലെത്തിയ സ്‌റ്റോക്ക്‌സ് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 14 റണ്‍സ് മാത്രം നേടിയ സൂപ്പര്‍ താരത്തെ ചാവ്‌ലയാണ് പുറത്താക്കിയത്. ബട്ട്‌ലര്‍ പുറത്താവാതെ 24 റണ്‍സുമായി ടീമിന് പ്രതീക്ഷ നല്‍കിയെങ്കിലും വാലറ്റത്തില്‍ കാര്യമായ സംഭാവനകള്‍ ഉണ്ടായില്ല. സ്പിന്നര്‍മാരായ ചാവ്‌ലയും കുല്‍ദീപും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മാവി നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്തയെ ആദ്യ ഓവറില്‍ തന്നെ ഗൗതം പിറകിലാക്കി. മൂന്നാം പന്തില്‍ ലിന്‍ ബൗള്‍ഡായി. ബാറ്റിംഗ് നിരയിലെ വെടിക്കെട്ടുക്കാരന്‍ സുനില്‍ നരേനും റോബിന്‍ ഉത്തപ്പയും പക്ഷേ ഇന്നിംഗ്‌സിന് ദിശ നല്‍കി. പതിവ് പോലെ കൂറ്റന്‍ ഷോട്ടുകളുമായി നരേന്‍ 25 പന്തില്‍ 35 റണ്‍സുമായി മടങ്ങി. ഉത്തപ്പയുടെ 48 റണ്‍സായിരുന്നു ഇന്നിംഗ്‌സിലെ ശക്തി. രണ്ട് സിക്‌സറുകളും ആറ് ബൗണ്ടറികളും പായിച്ചു കര്‍ണാടകക്കാരന്‍. പിന്നീടെത്തിയ നായകന്‍ കാര്‍ത്തിക് അപാര ഫോമിലായിരുന്നു. രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയുമായി ദിനേശ് കളം നിറഞ്ഞു.