ചൈനീസ് കമ്പനി വിവോയുമായി ഐപിഎല്ലിനുള്ള കരാര്‍ ബിസിസിഐ റദ്ദാക്കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. എക്സിറ്റ് ക്ലോസ് വിവോയ്ക്ക് അനുകൂലമാണെങ്കില്‍ കരാര്‍ റദ്ദാക്കില്ലെന്നും ഐപിഎലിന്റെ ഭാവിയെപ്പറ്റി ഇതുവരെ തീരുമാനം ആയിട്ടില്ലാത്തതിനാല്‍ ഈ വിഷയം സംസാരിക്കാന്‍ ഉടനെ ഐപിഎല്‍ ഗവേണിംഗ് കമ്മറ്റി യോഗം ചേരില്ലെന്നും മുതിര്‍ന്ന ബിസിസിഐ അംഗം പറഞ്ഞു. കേന്ദ്രം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ ചൈനീസ് കമ്പനികളുമായുള്ള ബന്ധം വീണ്ടും ചര്‍ച്ചയായത്.
‘ടി-20 ലോകകപ്പ്, ഏഷ്യാ കപ്പ് തുടങ്ങിയവകളുടെ ഭാവിയെപ്പറ്റിയൊന്നും ഇതുവരെ തീരുമാനമായിട്ടില്ല. പിന്നെങ്ങനെ പെട്ടെന്ന് ഒരു യോഗം വിളിക്കും? സ്പോണ്‍സര്‍ഷിപ്പിനെപ്പറ്റി ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. പക്ഷേ, റദ്ദാക്കും എന്നൊരു വാക്ക് ഞങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ഞങ്ങള്‍ അത് പരിശോധിക്കുമെന്നാണ് പറഞ്ഞത്. യോഗം നടത്തി എല്ലാ വശങ്ങളും പരിശോധിക്കണം. എക്സിറ്റ് ക്ലോസ് വിവോയ്ക്ക് അനുകൂലമാണെങ്കില്‍ എന്തിന് ഞങ്ങള്‍ 440 കോടി രൂപ പ്രതിവര്‍ഷ തുകയുള്ള കരാര്‍ അവസാനിപ്പിക്കണം? എക്സിറ്റ് ക്ലോസ് ഞങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ മാത്രമേ കരാര്‍ റദാക്കുകയുള്ളൂ.”- ബിസിസിഐ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവോ സ്വയം പിന്മാറിയാല് മാത്രമേ കരാര്‍ റദ്ദാക്കാവൂ എന്ന നിര്‍ദ്ദേശവും ബിസിസിഐക്കുള്ളില്‍ ഉയരുന്നുണ്ട്. കരാര്‍ റദ്ദാക്കിയാല്‍ എക്സിറ്റ് ക്ലോസ് പ്രകാരം ബിസിസിഐ വിവോയ്ക്ക് ഉയര്‍ന്ന തുക നഷ്ടപരിഹാരം നല്‍കേണ്ടി വന്നേക്കുമെന്നാണ് സൂചന. മാത്രമല്ല, ഉടന്‍ ഒരു ടൈറ്റില്‍ സ്പോണ്‍സറെ കണ്ടെത്തുക ബുദ്ധിമുട്ടാവുമെന്നും ബിസിസിഐക്കുള്ളില്‍ തന്നെ അഭിപ്രായം ഉയരുന്നു. അതേ സമയം, കരാര്‍ റദ്ദാക്കിയാല്‍ പോലും ചൈനീസ് വീഡിയോ കമ്പനിയായ ടെന്‍സെന്റിന് ഓഹരിയുള്ള ഡ്രീം ഇലവന്, സ്വിഗ്ഗി, ബൈജുസ് എന്നീ കമ്പനികളും ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്മാരായ ആലിബാബയ്ക്ക് നിക്ഷേപമുള്ള പേടിഎമ്മും ഭയക്കേണ്ടതില്ലെന്നാണ് വിവരം. ഇന്ത്യന്‍ കമ്പനികളാണെന്നതാണ് ഇവര്‍ക്കുള്ള ഗുണം.