ഐ.പി.എല്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം; തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ചെന്നൈ, കരുത്തറിയിക്കാന്‍ ഹൈദരബാദ്

മുംബൈ: തന്ത്രശാലികളായ രണ്ട് നായകന്മാര്‍-മഹേന്ദ്രസിംഗ് ധോണിയും കെയിന്‍ വില്ല്യംസണും. അടിപൊളി ബാറ്റിംഗിന്റെ വക്താക്കളായി ചെന്നൈ സംഘത്തില്‍ ഷെയിന്‍ വാട്ട്‌സണും ഡ്വിന്‍ ബ്രാവോയും സുരേഷ് റൈനയും നായകന്‍ മഹിയും. ഹൈദാരാബാദിന്റെ കൂറ്റനടിക്കാരായി ശിഖര്‍ ധവാനും യൂസഫ് പത്താനും കാര്‍ലോസ് ബ്രാത്ത്‌വെയിറ്റും. വിശ്വസ്ത ബാറ്റ്‌സ്മാനായി ചെന്നൈക്ക് ഫാന്‍ ഡൂപ്ലസിയും ഹൈദരാബാദിന് നായകന്‍ കെയിന്‍ വില്ല്യംസണും. ഓള്‍റൗണ്ടര്‍ പട്ടികയില്‍ ചൈന്നെക്ക് ബ്രാവോയും വാട്ട്‌സണും രവീന്ദു ജഡേജയും. ഹൈദരാബാദിന് ബ്രാത്ത്‌വെയിറ്റും ഷാക്കിബ് അല്‍ഹസനും റാഷിദ് ഖാനും. ബൗളിംഗിന് ചുക്കാന്‍ പിടിക്കുന്നവരാവട്ടെ ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, ബ്രാത്ത്‌വെയിറ്റ്, സിദ്ധാര്‍ത്ഥ് കൗള്‍. ചെന്നൈ അണിയില്‍ കേദാര്‍ യാദവ്, ശ്രാദ്ധൂല്‍ ഠാക്കൂര്‍, ഹര്‍ഭജന്‍ സിംഗ്, ഇംറാന്‍ താഹിര്‍ എന്നിവര്‍….. ബലവാന്മാരുടെ ഈ പട ഇന്ന് പരസ്പരം ഇറങ്ങുമ്പോള്‍ ആരുടെ സംഘം ജയിക്കും…?

മുംബൈ വാംഖഡെ സ്‌റ്റേഡിയമാണ് വേദി. ചെറിയ ബൗണ്ടറികള്‍-വലിയ സ്‌ക്കോറിന് സാധ്യതയുണ്ട്. പക്ഷേ മല്‍സരം ഏഴ് മണിക്ക് നടക്കുന്നതിനാല്‍ രണ്ടാമത് ബൗള്‍ ചെയ്യുമ്പോള്‍ ഈര്‍പ്പം വലിയ തടസ്സമാവും. പന്ത് ബൗളര്‍മാരുടെ കൈകളില്‍ കൃത്യമായി നില്‍ക്കില്ല. അതിനാല്‍ ടോസ് നിര്‍ണായകമാവും, നാണയഭാഗ്യം ലഭിക്കുന്നവര്‍ ആദ്യം ബൗള്‍ ചെയ്യാനാണ് സാധ്യത. രണ്ട് ടീമുകളും ചാമ്പ്യന്‍ഷിപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ഒമ്പത് മല്‍സരങ്ങള്‍ ജയിച്ചവരാണ്. റണ്‍റേറ്റിന്റെ കാര്യത്തില്‍ ഹൈദരാബാദിന് ചെറിയ മേല്‍ക്കോയ്മ ഉണ്ടായിരുന്നു എന്ന് മാത്രം. സാധ്യതാപ്പട്ടികയില്‍ അല്‍പ്പം മുന്നില്‍ മഹിയുടെ ചെന്നൈയാണ്. നായകന്‍ തന്നെ അതിന് പ്രധാന കാരണം. ഏത് പ്രതിസന്ധി ഘട്ടത്തിലും ശക്തനായി കളിക്കുന്ന നായകനുള്ളപ്പോള്‍ ടീമിനാകെ അതൊരു ഉണര്‍വാണ്.

 

ഈ സീസണില്‍ മൂന്ന് വട്ടം ചെന്നൈയും ഹൈദരാബാദും മുഖാമുഖം വന്നപ്പോള്‍ മൂന്ന് തവണയും ജയിച്ചത് ചെന്നൈയായിരുന്നു. പ്ലേ ഓഫിലെ ആദ്യ മല്‍സരത്തില്‍ ഹൈദരാബാദിനെതിരെ ടീം തോറ്റു എന്നുറപ്പിച്ച ഘട്ടത്തില്‍ വിശ്വസ്തനായി ബാറ്റ് വീശി ഡുപ്ലസി, അനുഭവസമ്പന്നരായ ഡ്വിന്‍ ബ്രാവോ, സുരേഷ് റൈന, രവീന്ദു ജഡേജ, റായിഡു, ഹര്‍ഭജന്‍സിംഗ് തുടങ്ങിയവരെല്ലാമാണ് ചെന്നൈയുടെ കരുത്ത്. അത്യാവശ്യ ബാറ്റിംഗ് വിലാസം എല്ലാവര്‍ക്കുമുണ്ട് താനും. ഹൈരബാദിന്റെ പ്ലസ് അവരുടെ ആഴമുള്ള ബൗളിംഗാണ്. ഇന്ത്യന്‍ സീമര്‍ ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ, ബ്രാത്ത്‌വെയിറ്റ് എന്നീ നാല് സീമര്‍മാരും ഉഗ്രരൂപിയായി റാഷിദ് ഖാന്‍ എന്ന സ്പിന്നറും ഓള്‍റൗണ്ട് മികവുള്ള ഷാക്കിബ് അല്‍ ഹസനും ചേരുമ്പോള്‍ ഏത് ചെറിയ ടോട്ടല്‍ പോലും പ്രതിരോധിക്കാന്‍ കരുത്ത് കാട്ടുന്നുണ്ട് ഹൈദരാബാദ്. അതവര്‍ പലവട്ടം തെളിയിച്ചിട്ടുമുണ്ട്.

 

കഴിഞ്ഞ ദിവസം കൊല്‍ക്കത്തക്കെതിരായ രണ്ടാം എലിമിനേറ്ററില്‍ ബൗളിംഗ് കരുത്തായിരുന്നു ടീമിന് ഊര്‍ജ്ജമായത്. ഫീല്‍ഡിംഗില്‍ രണ്ട് പേരും തുല്യരാണ്. അസാധാരണായ ക്യാച്ചുകള്‍ എടുക്കുന്നവരാണ് ബ്രാവോയും വില്ല്യംസണുമെല്ലാം.ഇന്ന് രാത്രി ഏഴിനാണ് ഫൈനല്‍ പോരാട്ടം ആരംഭിക്കുന്നത്. എട്ട് തവണ സ്വന്തം ടീമിനെ കലാശപ്പോരാട്ടത്തിനൊരുക്കിയ നായകനാണ് മഹി. വില്ല്യംസണ് കന്നി ഫൈനലും. വാംഖഡെയില്‍ ചെന്നൈ-ഹൈദരാബാദ് ഫാന്‍സ് നിറയുമ്പോള്‍ പോരാട്ടം കിടിലനാവും. മഴയുടെ ചെറിയ ഭീഷണി പക്ഷേ കലാശപ്പോരാട്ടത്തിനുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.